ഷാരോൺ രാജ് വധക്കേസ്; പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും കോടതി അം​ഗീകരിച്ചു, വിധി പ്രതീക്ഷിച്ചിരുന്നു: കെജെ ജോൺസൺ

Published : Jan 20, 2025, 12:26 PM ISTUpdated : Jan 20, 2025, 12:34 PM IST
ഷാരോൺ രാജ് വധക്കേസ്; പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും കോടതി അം​ഗീകരിച്ചു, വിധി പ്രതീക്ഷിച്ചിരുന്നു: കെജെ ജോൺസൺ

Synopsis

കേസിൻ്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തിൽ ഒരു സ്പെഷ്യൽ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ​

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ കോടതിവിധിയിൽ പ്രതികരണവുമായി അന്വേഷണ ഉദ്യോ​ഗസ്ഥൻ കെജെ ജോൺസൺ. അപൂർവങ്ങളിൽ അപൂർവമായ കേസായിരുന്നു ഇതെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും കെജെ ജോൺസൺ പറഞ്ഞു.  അന്വേഷണ ടീമിന്റെ വിജയമാണ്. ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. ഗ്രീഷ്മയെ തള്ളിപ്പറയാൻ ആദ്യഘട്ടത്തിൽ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 

പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും കോടതി അം​ഗീകരിച്ചെന്നും പ്രതിക്ക് മാക്സിമം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെജെ ജോൺസൺ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. കേസിൻ്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തിൽ ഒരു സ്പെഷ്യൽ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ​ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടർന്നാണ് സംശയത്തിൻ്റെ നിഴലിലായിരുന്ന ​ഗ്രീഷ്മയെ പ്രതിയാക്കുന്നത്. അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലർത്തി കഷായം നൽകിയതിനെ തുടർന്നാണ് ഷാരോൺ മരിക്കുന്നതെന്ന് കണ്ടെത്തിയത്. ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോൺ ​ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നു. പിന്നീടാണ് ഛർദിച്ച് അവശനായത്. ​ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഷാരോണിൻ്റെ ഭാ​ഗത്തുനിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോൺസൺ പറഞ്ഞു. 

വിധിയിൽ സന്തോഷമുണ്ടെന്ന് ഡി ശില്പ ഐപിഎസ് പ്രതികരിച്ചു. അന്വേഷണ സംഘത്തെ ഗ്രീഷ്മ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായി. അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവർത്തിച്ചു. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ശില്പ ഐപിഎസ് പറഞ്ഞു. 

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയറാണ് കോടതി വിധിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. 

കാമുകനായ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള വിധിയാണ് വായിച്ചത്. 

വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞത്

കേരള പോലീസിന് കോടതി അഭിനന്ദനങ്ങൾ അറിയിച്ചു. പോലീസ് അന്വേഷണം അതിൽ സമർത്ഥമായി നടത്തി. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പോലീസ് മാറ്റി. സാഹചര്യ തെളിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. കുറ്റകൃത്യം ചെയ്ത അന്നുമുതൽ തനിക്ക് എതിരായ തെളിവുകൾ താൻ സ്വയം ചുമന്ന് നടക്കുകയായിരുന്നു എന്ന് പ്രതി  അറിഞ്ഞിരുന്നു. വിവാഹനിശ്ചയത്തിനുശേഷം ഷാരോണുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് തെളിഞ്ഞതായി കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ല. അതേ സമയം സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോൺ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.

11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോൺ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോൺ മർദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാൻ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബർ 14ന്  ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോൾ  കൊലപ്പെടുത്താൻ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു. 

സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാൻ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാൽ പോരാ. മറ്റു കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ​ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തു. ഗ്രീഷ്മയുടെ  ആത്മഹത്യാശ്രമം അന്വേഷണത്തെ വഴിത്തിരിക്കാൻ മാത്രമായിരുന്നു. ഘട്ടം ഘട്ടമായി കൊലപാതകം നടത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. 48 സാഹചര്യ തെളിവുകൾ ഗ്രീഷ്മക്കെതിരെയുണ്ട്. ഇത്തരം കേസിൽ പരമാവധി ശിക്ഷ നൽകരുത് എന്നു നിയമം ഇല്ല. ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണ്. ആ വേദന ചെറുതായിരുന്നില്ല. ആന്തരിക അവയവങ്ങളെല്ലാം അഴുകിയ നിലയിൽ ആയിരുന്നു. 

'ഒരു തുള്ളി വെള്ളമിറക്കാനാകാതെ 11 ദിവസം ആശുപത്രിയിൽ, ഷാരോൺ അനുഭവിച്ചത് വലിയ വേദന', ഗ്രീഷ്‍മ കേസ്സില്‍ കോടതി

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു