
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് അന്വേഷിക്കുമെന്ന് മുൻ എംഎൽഎ കെ എസ് ശബരിനാഥൻ. സംഘടനയെ ശിഥിലമാക്കാൻ ശ്രമിക്കുന്നവര്‍ യൂത്ത് കോൺഗ്രസുകാരല്ല. സംഘടനാ തലത്തിൽ അന്വേഷണം നടത്തും. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ശബരിനാഥൻ വിശദീകരിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ശബരിനാഥൻ.
കേരളം ബനാന റിപ്പബ്ലിക്കായെന്നും ശബരീനാഥന്‍ പരിഹസിച്ചു. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പ്രതികരണം. എല്ലാ സംഭവങ്ങള്‍ക്കും പിന്നിലെ മാസ്റ്റര്‍ മൈന്‍റ് ഇ പി ജയരാജനാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്നും ശബരീനാഥന്‍ പരിഹസിച്ചു. കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ശബരീനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണമെന്നതാണ് മറ്റൊരു ഉപാധി. അരലക്ഷം രൂപയുടെ ബോണ്ടും കോടതി നിർദേശിച്ചിട്ടുണ്ട്.
നാടകീയ അറസ്റ്റ്, രാഷ്ട്രീയപ്പോര്; സർക്കാറിന് തിരിച്ചടിയായി ഒടുവിൽ ശബരിനാഥന്റെ ജാമ്യം
നാടകീയ അറസ്റ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോരിനിടെ മുൻ കോൺഗ്രസ് എംഎൽഎ കെ എസ് ശബരിനാഥന് ജാമ്യം കിട്ടിയത് സർക്കാറിന് തിരിച്ചടിയായി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുമ്പോൾ വീണ്ടും സംഘർഷഭരിതമായ സമരങ്ങൾക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. നിയമസഭയിൽ രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയായിരുന്നു.
'ശബരീനാഥൻ നിരപരാധി, അറസ്റ്റ് കോടതിയെ പോലും തെറ്റിധരിപ്പിച്ച്' : സുധാകരൻ
ഇൻഡിഗോയുടെ യാത്രാ വിലക്ക് ഉയർത്തിയ ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം വിമാനത്തിലെ പ്രതിഷേധം വിവാദം വീണ്ടും ശക്തമാക്കിയത്. പക്ഷെ യൂത്ത് കോൺഗ്രസ് വാട്സ് അപ് ചാറ്റ് ഗൂഡാലോചനാ തെളിവായി കാട്ടി ഭരണപക്ഷം തിരിച്ചടിച്ചു. രാഷ്ട്രീയപ്പോരിനിടെയായിരുന്നു ശബരിയുടെ അറസ്റ്റുണ്ടായത്. കേസിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് സർക്കാർ കാണിച്ചെങ്കിലും അതിവേഗത്തിലുള്ള അറസ്റ്റിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ദേശീയ- സംസ്ഥാന നേതാക്കൾ വരെ ശബരിക്കായി രംഗത്തിറങ്ങി. ഒടുവിൽ പൊലീസ് ആവശ്യം തള്ളി ജാമ്യം കിട്ടിയതോടെ സർക്കാർ വെട്ടിലായി.
പിസി ജോർജ്ജിന്റേതടക്കം വിവാദമായ തിടക്കത്തിലുള്ള അറസ്റ്റുകളിൽ തുടർച്ചയായുള്ള തിരിച്ചടി പ്രതിപക്ഷം ഇനി സർക്കാറിനെതിരെ കൂടുതൽ ശക്തമായി ഉന്നയിക്കും. പ്രതിഷേധാഹ്വനമാണ് ഗൂഡാലോചനകേസിൽ ശബരിയുടെ അറസ്റ്റിന് കാരണമെന്നതിനാൽ മുഖ്യമന്ത്രിക്കെതിരെ നാളെ മുതൽ കരിങ്കൊടികാണിക്കാൻ ആഹ്വാനം ചെയ്യാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. അതേ സമയം ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന സൂചനയാണ് വഞ്ചിയൂർ കോടതിക്ക് മുന്നിലെ സിപിഎഎം പ്രതിഷേധം കാണിക്കുന്നത്. സ്വർണ്ണക്കടത്തിൽ സംസ്ഥാന വ്യാപകമായി ഉണ്ടായ അസാധാരണ പ്രതിഷേധങ്ങളിലേക്ക് വീണ്ടും നിങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.