മഹേശന്‍റെ കത്തില്‍ മേധാവിയുടെ പേരും; അന്വേഷണം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്ന് ക്രൈംബ്രാഞ്ച്

By Web TeamFirst Published Jul 9, 2020, 8:03 PM IST
Highlights

അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ  കൈമാറണമെന്ന് ലോക്കൽ പൊലീസ് ഡിജിപിക്ക് കത്ത് നൽകിയിരുന്നു.

തിരുവനന്തപുരം: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യാ കേസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ക്രൈംബ്രാഞ്ച്. മഹേശന്‍റേതായി പുറത്തുവന്ന കത്തുകളില്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചതിനാല്‍ അന്വേഷണം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്ന് എഡിജിപി തച്ചങ്കരി ഡിജിപിക്ക് രേഖാമൂലം മറുപടി നല്‍കി. അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ  കൈമാറണമെന്ന് ലോക്കൽ പൊലീസ് ഡിജിപിക്ക് കത്ത് നൽകിയിരുന്നു. തുടര്‍ന്ന് ഇതിന്മേല്‍ ക്രൈംബ്രാഞ്ചിനോട് ഡിജിപി തേടിയ അഭിപ്രായത്തിലാണ് തച്ചങ്കരി വിശദീകരണം നല്‍കിയിരിക്കുന്നത്. 

കെ കെ മഹേശന്‍റെ ആത്മഹത്യ കേസിലെ അന്വേഷണം വെള്ളാപ്പള്ളി നടേശനിലേക്ക് എത്തിയതോടെ, ലോക്കൽ പൊലീസിന് മേൽ സമ്മർദ്ദം ശക്തമായിരുന്നു. ഇതോടെയാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാമെന്ന നിലപാടിലേക്ക് മാരാരിക്കുളം പൊലീസ് എത്തിയത്. ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെയും സഹായി കെ എൽ അശോകനെയും ചോദ്യം ചെയ്ത ശേഷം കേസ് അന്വേഷണം നിലച്ചമട്ടായിരുന്നു. മൊഴികളും രേഖകളും പരിശോധിക്കാൻ സമയം വേണമെന്ന വിശദീകരണം മാത്രമാണ് പൊലീസ് ഒടുവിൽ നൽകിയത്. അന്വേഷണം അവസാനഘട്ടത്തിലെന്ന് ആവർത്തിച്ച പൊലീസിന് പക്ഷെ സമ്മർദ്ദം മൂലം മുന്നോട്ട് പോകാനായില്ല. 

ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം മഹേശന്‍റെ കുടുംബവും ശക്തമാക്കി. ഇതോടെയാണ് പ്രത്യേക സംഘത്തെിനോ ക്രൈം‍ബ്രാഞ്ചിനോ കേസ് കൈമാറണമെന്ന് മാരാരിക്കുളം സിഐ മേലുദ്യോഗസ്ഥർക്ക് കത്ത് നൽകിയത്. ഇതിനിടെ മൊഴിയെടുക്കാനെത്തിയ ലോക്കൽ പൊലീസ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നു. പ്രത്യേക അന്വേഷണസംഘമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാണാനുള്ള ശ്രമത്തിലാണ് മഹേശന്‍റെ കുടുംബം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.
 

click me!