'പഴംപൊരിയും പൊറോട്ടയുമില്ലാതെ ട്രെയിൻ ഓടിക്കില്ല'; പുതിയ മെനു പുറത്ത് വിട്ട് ഹൈബി ഈഡന്‍

By Web TeamFirst Published Jan 22, 2020, 12:41 PM IST
Highlights

മെനുവിൽ കേരള വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു

ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ഭക്ഷണശാലകളില്‍ നിന്ന് മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയ വിവാദ തീരുമാനം പിന്‍വലിച്ചു. മെനുവിൽ കേരള വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ വിറ്റ് പോന്നിരുന്ന, മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല എന്നിവയൊന്നും നേരത്തെ പുതുക്കിയ മെനുവില്‍ ഇല്ലായിരുന്നു.

റെയിൽവേ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആർആർ), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് അടുത്തിടെ കുത്തനെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കരണവും വന്നത്. ഉത്തരേന്ത്യന്‍ ഭക്ഷണശീലം മലയാളികളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം റെയില്‍വേ മാറ്റിയത്.

അതേസമയം, ട്രെയിനുകളിലെ ഭക്ഷണ നിരക്ക് കൂട്ടിയതിന് പിന്നാലെ സ്റ്റേഷനുകളിലെ സ്റ്റാളുകളിലെ വില നിരക്കുകളും തോന്നിയപോലെ കൂട്ടിയിരിക്കുകയാണ്. ഊണിന്റെ വില 35 രൂപയിൽ നിന്ന്  70 രൂപയാക്കി കുത്തനെ വര്‍ധിപ്പിച്ചു.എട്ടര രൂപയുടെ ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും ഇനി 15 രൂപ നൽകണം. 2 വടയ്ക്കു 30 രൂപ. ആലു ബോണ്ട, കച്ചോരി, സമൂസ എന്നിവയ്ക്കു 2 എണ്ണത്തിന് 20 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 

മാത്രമല്ല ബ്രേക്കഫാസ്റ്റ് ഭക്ഷണമായ രണ്ട് ഇഡലിക്കൊപ്പം 30 ഗ്രാം വീതമുളള രണ്ട് ഉഴുന്നുവട നിർബന്ധമായി വാങ്ങണമെന്നും പുതിയ പാക്കേജിലുണ്ട്. മൂന്നാമതൊരു ഇഡലി വേണമെങ്കിൽ വീണ്ടും ഇതേ കോംബോ 35 രൂപ കൊടുത്തു വാങ്ങേണ്ടിവരുും. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) മെനു പരിഷ്കരിച്ചു നിരക്കുകൾ കൂട്ടിയത്.കേട്ടുകേള്‍വിയില്ലാത്ത പാക്കേജുകളിലൂടെ നിര്‍ബന്ധിച്ച് ഭക്ഷണ സാധനങ്ങള്‍ വലിയ വിലയില്‍ അടിച്ചേല്‍പ്പിക്കുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ 

നമ്മുടെ പഴം പൊരിയും പൊറോട്ടയും മീൻ കറി ഊണും ഇല്ലാതെ ട്രെയിൻ ഓടാൻ നമ്മൾ സമ്മതിക്കൂല...

ഐ.ആർ.സി.ടി.സി അധികൃതർ രാവിലെ വീട്ടിൽ വന്നിരുന്നു. മെനുവിൽ കേരള വിഭവങ്ങൾ എല്ലാം ഉൾപ്പെടുത്തിയതായി രേഖ മൂലം അറിയിച്ചു.

click me!