
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം കേസിലെ പ്രതിയായ എസ് വിജയനെ ചോദ്യം ചെയ്തു. ഇതിന് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു. പ്രാഥമിക ചോദ്യം ചെയ്യലാണ് കേസിൽ കഴിഞ്ഞത്. ഗൂഢാലോചന കേസിൽ ഒന്നാം പ്രതിയാണ് വിജയൻ. ഇദ്ദേഹം ഉൾപ്പടെയുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അനുവദിച്ചില്ല. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗദത് എന്നിവരാണ് ഹർജിക്കാർ. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് എഫ്ഐആർ. കേസിൽ നമ്പിനാരായണൻറെ മൊഴി ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി സിബിഐ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.
സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് ഏറ്റെടുത്തത്. സിബി മാത്യൂസ് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ എന്നിവരുൾപ്പെടെ 18പേരെ പ്രതിചേർത്ത് സിബിഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് സിഐയായിരുന്ന എസ് വിജയനാണ് ഒന്നാംപ്രതി, രണ്ടാം പ്രതി വഞ്ചിയൂർ എസ്ഐയായിരുന്ന തമ്പി എസ് ദുർഗാദത്ത്, നാലാം പ്രതി ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന സിബി മാത്യൂസ്, ഏഴാം പ്രതി ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ ബി ശ്രീകുമാർ, സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി ആർ രാജീവൻ, കെ കെ ജോഷ്വ എന്നിവരടക്കമാണ് പതിനെട്ട് പ്രതികൾ.
സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സിബിഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സിബിഐ അന്വേഷണത്തിലാണ്. ഇതിന് ശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam