
കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എബിവിപിയുടെ കൊടിമരം ക്യാംപസിന് വെളിയില്‍ കളഞ്ഞത് സംഘര്‍ഷം ഒഴിവാക്കാനെന്ന് പ്രിന്‍സിപ്പാള്‍. കോളേജില്‍ എസ് എഫ് ഐയും എബിവിപിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അത് വളര്‍ന്ന് കോളേജില്‍ ക്രമസമാധാന പ്രശ്നം ആവാതിരിക്കാന്‍ ആയിരുന്നു എബിവിപിയുടെ കൊടിമരം പുറത്ത് കളഞ്ഞതെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
'ക്യാംപസില്‍ എസ് എഫ് ഐയ്ക്കാണ് ഭൂരിപക്ഷമുള്ളത്. മറ്റ് വിദ്യാര്‍ത്ഥിസംഘടനകളുടെ പ്രവര്‍ത്തനത്തിന് അത് ഒരു വെല്ലുവിളി തന്നെയാണ്. എസ്എഫ്ഐ സ്ഥാപിച്ച കൊടിമരത്തിന് സമീപം കൊടിമരം സ്ഥാപിക്കണമെന്ന ആവശ്യവുമായി എബിവിപി പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ക്യാംപസില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അനുമതി നല്‍കി. പക്ഷേ അനുമതി നല്‍കുമ്പോള്‍ തന്നെ അരമണിക്കൂറിനുള്ളില്‍ കൊടിമരം മാറ്റണമെന്ന നിബന്ധന താന്‍ വച്ചിരുന്നു. നേതാക്കള്‍ അത് സമ്മതിച്ചതുമാണ്'. എന്നാല്‍ കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള്‍ നിലപാട് മാറ്റി. ഇത് ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഫല്‍ഗുനന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
സംഘര്‍ഷാവസ്ഥ വന്നതോടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ക്യാംപസില്‍ പൊലീസിനെ കയറ്റരുതെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് കൊടിമരം നീക്കം ചെയ്ത് ക്യാംപസിന് പുറത്ത് പൊലീസിന് കൈമാറിയത്. എന്നാല്‍ ദൃശ്യങ്ങള്‍ ഇത്രകണ്ട് വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. ക്യാംപസില്‍ പഠനാന്തരീക്ഷം നശിക്കാന്‍ പാടില്ല. അതുകൊണ്ട് നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി ഒരു സമാധാന ചര്‍ച്ചയ്ക്ക് വിളിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കണ്ണൂരാണ് ഒരു കനല്‍ വീണാല്‍ മതി അത് ഈ ക്യാംപസില്‍ നിന്ന് ആവരുതെന്ന ആഗ്രഹമാണ് നടപടിയിലേക്ക് നയിച്ചതെന്നും പ്രിന്‍സിപ്പാള്‍ ഫല്‍ഗുനന്‍ വ്യക്തമാക്കി.
"
പ്രിന്‍സിപ്പാള്‍ എബിവിപി കൊടിമരം നീക്കിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊടിമരം ക്യാപസിന് പുറത്തെത്തിച്ച് തിരികെ നടന്നുവരുന്ന പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam