'5000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും മുന്നിലെത്തിയിട്ടില്ല'; ചര്‍ച്ച നടന്നിട്ടില്ലെന്ന് മേഴ്‍സിക്കുട്ടിയമ്മ

By Web TeamFirst Published Feb 19, 2021, 8:59 PM IST
Highlights

അമേരിക്കൻ കമ്പനി ഇഎംസിസിയുമായുള്ള 5000 കോടിയുടെ പദ്ധതിയിൽ വൻ അഴിമതിയാണെന്നും മേഴ്‍സിക്കുട്ടിയമ്മ അമേരിക്കയിൽ പോയി ചർച്ച നടത്തിയാണ് നീക്കം തുടങ്ങിയതെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്‍റെ ആരോപണം.

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. 5000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും മുന്നിലെത്തിയിട്ടില്ല. കെഎസ്ഐഎന്‍സി എംഡിയാണ് ധാരണാപത്രം ഒപ്പിട്ടത്. കപ്പലുണ്ടാക്കി കൊടുക്കാന്‍ ധാരണാപത്രം ഒപ്പിടാന്‍ എംഡിക്ക് ആവില്ല. വിദേശ ട്രോളറുകളെ കേരള തീരത്ത് മീന്‍പിടുത്തത്തിന് അനുവദിക്കില്ല. അതാണ് സര്‍ക്കാരിന്‍റെ നയം, അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു. 

അമേരിക്കൻ കമ്പനി ഇഎംസിസിയുമായുള്ള 5000 കോടിയുടെ പദ്ധതിയിൽ വൻ അഴിമതിയാണെന്നും മേഴ്‍സിക്കുട്ടിയമ്മ അമേരിക്കയിൽ പോയി ചർച്ച നടത്തിയാണ് നീക്കം തുടങ്ങിയതെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്‍റെ ആരോപണം. ഈ മാസം 22ന് ഇഎംസിസി വ്യവസായമന്ത്രിക്ക് അയച്ച കത്ത് പുറത്തുവിട്ടാണ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. കേരളതീരങ്ങളിൽ വൻട്രോളർ ഇറക്കി മത്സബന്ധനം നടത്താനുള്ള വിശദമായ രൂപരേഖയാണ് കത്തിലുള്ളത്.

ഇഎംസിസി അയച്ച കത്ത് വ്യവസായമന്ത്രി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്കും കെഎസ്ഐഡിസിക്കും കൈമാറിയിട്ടുണ്ട്. അത് സ്വാഭാവിക നടപടിയെന്ന് പറയുമ്പോഴും ഇഎംസിസി കത്തിൽ വ്യവസായവകുപ്പിന് കീഴിലെ കെഎസ്ഐഡിസിയെ നേരത്തെ പലതവണ സമീപിച്ചതിനെ കുറിച്ച് പറയുന്നുണ്ട്. ഒപ്പം ട്രോളർ നിർമ്മിക്കാൻ മുഖ്യമന്ത്രിക്ക് കീഴിലെ കെഎസ്ഐഎൻസിയുമായി ഉണ്ടാക്കിയ ധാരണാ പത്രത്തെക്കുറിച്ചും പറയുന്നു. 

 

click me!