ആര്‍എസ്എസിനെ അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ കൂടെ ചേരും; ജേക്കബ് തോമസ്

By Web TeamFirst Published Jul 29, 2019, 8:45 PM IST
Highlights

ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ അല്ല. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്ന് ജേക്കബ് തോമസ്.

തിരുവനന്തപുരം: സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞാല്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ജേക്കബ് തോമസ്. ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ അല്ല. അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്. ആര്‍എസ്എസിനെ അറിയാന്‍ ശ്രമിച്ചാല്‍ കേരളത്തിലെ എല്ലാ ബുദ്ധി ജീവികളും കൂടെ ചേരുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ജേക്കബ് തോമസ് നിലപാട് വ്യക്തമാക്കിയത്.

ആര്‍എസ്എസിന്‍റെ പേരില്‍ തന്നെ സന്നദ്ധ സേവനമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണത്. ആര്‍എസ്എസ് ഭാരത സംസ്കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ലെന്ന് ജേക്ക് തോമസ് പറഞ്ഞു.

ആര്‍എസ്എസിനെക്കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ആ സംഘടന ശരിയല്ല എന്ന് പറയരുത്. നന്നായി അറിഞ്ഞ് കഴിഞ്ഞാല്‍ കേരളത്തിലെ ബുദ്ധി ജീവികള്‍ ആര്‍എസ്എസില്‍ ചേരും. താന്‍ ഇനി ജോലിയില്‍ പ്രവേശിക്കണമോ, വിആര്‍എസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്‍റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കും.

 സസ്പെന്‍ഷന്‍ കാലയളവില്‍ നിരവധി പാഠങ്ങള്‍ പഠിച്ചു. പിന്നില്‍ നിന്ന് വലിച്ചവരെ മനസിലാക്കാനായി, അതുകൊണ്ട് സസ്പെന്‍ഷന്‍ കാലം നഷ്ടമായി കാണുന്നില്ല. പൊതുസേവനരംഗത്തേക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ ജനം പറയട്ടേ. മുപ്പത് വര്‍ഷം പല വകുപ്പുകളില്‍ ജോലി ചെയ്തു. എന്തെങ്കിലും നല്ല വശം മനസിലാക്കി തന്നെ ആവശ്യമുണ്ടെങ്കില്‍ ജനം ആവശ്യപ്പെടട്ടേ, അതല്ല എന്നെപ്പോലെ ഉള്ളവരെ വേണ്ട, ഇപ്പോഴുള്ളവരെപ്പോലെയുള്ള ജനസേവകരെ മതിയെങ്കില്‍ അത് അങ്ങനെയാവട്ടേയെന്നും ജേക്കബ് തോമസ് പറഞ്ഞു.
 

click me!