സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Web TeamFirst Published Dec 6, 2020, 6:49 AM IST
Highlights

കനത്ത ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാന്നാർ ഉൾക്കടലിൽ ന്യൂനമർദ്ദം തുടരുന്നതാണ് മഴ ശക്തമാകാൻ കാരണം. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ , കോട്ടയം, തൃശ്ശൂർ , പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.  കനത്ത ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലും കാവേരി തീരമേഖലയിലും മഴ തുടരുകയാണ്. ഇടവിട്ട് കനത്ത മഴയുണ്ട്. മാന്നാര്‍ കടലിടുക്കില്‍ തുടരുന്ന ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി ശക്തികുറഞ്ഞ ന്യൂനമര്‍ദ്ദമായി മാറി. ഇതോടെയാണ് കേരള, പുതുച്ചേരി തീരങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയത്. തീരമേഖലകളില്‍ നിന്ന് ഒന്നരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബുറേവിയെ തുടര്‍ന്നുണ്ടായ മഴക്കെടുതികളില്‍ തമിഴ്നാട്ടില്‍ മരണം 19 ആയി.

click me!