
ആലപ്പുഴ: ഏറ്റുമാനൂർ ജയ്നമ്മ തിരോധാന കേസിൽ പ്രതി സിഎം സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയിൽ പല തവണ ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടില്ല. ആദ്യം ഡിഎൻഎ പരിശോധനയ്ക്ക് അയച്ച ശരീര അവശിഷ്ടങ്ങളുടെ ഫലം കിട്ടുന്ന മുറയ്ക്ക് ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൂടാതെ ആലപ്പുഴയിലെ കേസുകളന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകിയേക്കും.
സെബാസ്റ്റ്യനുമായി അടുപ്പമുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇന്നലെ സെബാസ്റ്റ്യന്‍റെ ഭാര്യയുടെ മൊഴി കോട്ടയം ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. വേണ്ടി വന്നാൽ ഇവരെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും. സെബാസ്റ്റ്യന്‍റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും അന്വേഷണ സംഘം ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നു. സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തുന്നത്. ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് സെബാസ്റ്റ്യന്‍റെ വീട്ടില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. റോസമ്മയുടെ വീടിന്‍റെ ഭാഗത്തും സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് റോസമ്മയുടെ വീടിന്‍റെ പരിസരവും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം.
സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തും കസ്റ്റഡിയിൽ വാങ്ങിയും തെളിവെടുപ്പ് നടത്തിയും ദിവസങ്ങൾ കഴിഞ്ഞിട്ടും തിരോധാന കേസുകളിൽ കൃത്യമായ നിഗമനത്തിലെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. തുടക്കം മുതൽ അന്വേഷണത്തോടുള്ള നിസ്സഹകരണം സെബാസ്റ്റ്യൻ ഇപ്പോഴും തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം അടിമുടി ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യന് കുലുക്കമില്ല. പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യൻറെ ഭാര്യയെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. സെബാസ്റ്റ്യൻ്റെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്.
ബിന്ദു പത്മനാഭനുമായി സെബാസ്റ്റ്യന് ഉണ്ടായിരുന്ന സ്ഥലം ഇടപാടുകൾ സംബന്ധിച്ച് ചില വിവരങ്ങൾ അറിയാം എന്നായിരുന്നു ഭാര്യ നൽകിയ മൊഴി. രണ്ടാം തവണയാണ് ഇവരുടെ മൊഴി എടുക്കുന്നത്. ഐഷയുടെയും സെബാസ്റ്റ്യൻ്റെയും സുഹൃത്തായ റോസമ്മയെ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്. റോസമ്മയ്ക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും. ആദ്യം അയച്ച ശരീരം അവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലംഇതുവരെ കിട്ടിയിട്ടില്ല .
ഐഷയുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. കണ്ടെത്തിയ ശരീര അവശിഷ്ടങ്ങളില്‍ ബിന്ദു പത്മനാഭന്‍റെതുണ്ടോ എന്ന് പരിശോധിക്കാൻ സഹോദരൻ പ്രവീണിന്റെ ഡിഎൻഎ സാമ്പിളുകളം ശേഖരിക്കും. വിദേശത്തുള്ള പ്രവീണിനോട് ഉടൻ നാട്ടിലെത്താൻ ആലപ്പുഴ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.