കരമന മരണങ്ങള്‍: ജയമാധവന്‍റെ മരണകാരണം നെറ്റിയിലും മൂക്കിലുമേറ്റ ക്ഷതം, ദുരൂഹതയേറുന്നു

By Web TeamFirst Published Oct 31, 2019, 10:24 PM IST
Highlights

ജയമാധവന്‍ നായര്‍ നിലത്ത് വീണ് കിടന്നുവെന്നായിരുന്നു കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ പൊലീസിന് കൊടുത്ത മൊഴി. 

തിരുവനന്തപുരം: കരമന ഉമാമന്ദിരം തറവാട്ടിലെ ദുരൂഹ മരണങ്ങളിൽ സംശയം ഏറുന്നു. ഉമാമന്ദിരം തറവാട്ടിലെ അവസാനം കണ്ണിയായ ജയമാധവൻ നായരുടെ മരണം സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ദുരൂഹത ഏറുന്നത്. ഇവിടുത്തെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ മരണ കാരണം തലയിലേറ്റ മുറിവാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. മരണ കാരണം വ്യക്തമാക്കാതെയുള്ള പോസ്റ്റുമാര്‍ട്ടം റിപ്പോർട്ടാണ് ആദ്യം ഫോറൻസിക് വിഭാഗം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാതോളജി വിഭാഗം നൽകിയ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ദുരൂഹത ഏറുന്നത്.

സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം പൊലീസിന് ലഭിക്കുന്നത്. നെറ്റിയിലും മൂക്കിലുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മരണപ്പെട്ട ജയമാധവൻ നായരെ അബോധാവസ്ഥയിൽ കണ്ടെന്നാണ് കാര്യസ്ഥൻ രവീന്ദ്രൻ നായർ നൽകിയ മൊഴി. പ്രത്യേക അന്വേഷണ സംഘം ഇന്ന് രവീന്ദ്രൻ നായരുടെ വീട്ടിൽ പരിശോധന നടത്തി. വീട്ടിൽ നിന്ന് നിരവധി രേഖകൾ കണ്ടെടുത്തിട്ടുണ്ട്. കേസിലെ സാക്ഷികളെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണത്തിൽ ഇത് നിർണായകമാകും എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

click me!