
പാലക്കാട്: സിപിഎം (CPM) നേതാക്കളുടെ പേരിൽ കേരള ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന് പരാതി. മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ എന്നിവരുടെ പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. ഏഴ് ലക്ഷം രൂപ നൽകിയാൽ കേരള ബാങ്കിൽ ക്ലർക്ക് ജോലി വാങ്ങിത്തരാം എന്നാണ് തട്ടിപ്പുകാരുടെ വാഗ്ദാനം.
പാലക്കാട് ധോണി സ്വദേശി വിജയകുമാർ, കണ്ണൂർ ചാല സ്വദേശി സിദ്ദീഖ് എന്നിവരാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് മലമ്പുഴ എംഎൽഎ എ പ്രഭാകരൻ പറയുന്നത്. ക്ലർക്ക് ജോലി ഉറപ്പിക്കാൻ ഏഴ് ലക്ഷം നൽകണം എന്നാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ഒന്നരലക്ഷം മുൻകൂറായി നൽകിയാൽ, രണ്ട് മാസത്തിനകം നിയമനം ഉറപ്പിക്കാം എന്നാണ് തട്ടിപ്പ് സംഘത്തിന്‍റെ വാഗ്ദാനം. മകന്‍റെ ജോലിക്കായി കൂത്താട്ടുകുളം സ്വദേശി രാജു, തട്ടിപ്പ് സംഘവുമായി നടത്തിയ സംഭാഷണം മലമ്പുഴ എംഎൽഎ പുറത്തുവിട്ടു.
തട്ടിപ്പ് നടത്തിയ സിദ്ദീഖിനും വിജയകുമാറിനുമതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് എ പ്രഭാകരൻ എംഎല്‍എ പാലക്കാട് ജില്ലാ എസ്പിക്ക് പരാതി നൽകി. എന്നാല്‍, തട്ടിപ്പുമായി ഒരു ബന്ധവും ഇല്ലെന്നും എല്ലാത്തിനും പിന്നിൽ വിജയകുമാർ ആണെന്നുമാണ് സിദ്ദീഖ് പറയുന്നത്. എംഎൽഎയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
കൂത്താട്ടുകുളം സ്വദേശി രാജു, തട്ടിപ്പ് സംഘവുമായി നടത്തിയ സംഭാഷണം
വിജയകുമാർ, തട്ടിപ്പുകാരൻ: ഒന്നര രൂപ കൊടുക്കണം (ഒന്നരലക്ഷം) ഗ്യാരന്‍റി ഞാനും അവനും ( സിദ്ദീഖ്)
രാജു, ഉദ്യോഗാർത്ഥിയുടെ പിതാവ്: കണ്ണൂരിലുള്ള ആളുടെ പേരെന്താ ?
വിജയകുമാർ: സിദ്ദീഖ് എന്നാണ് പേര് .
രാജു: കേരള ബാങ്കിലെ ഡയറക്ടർ ബോർഡ് അറിഞ്ഞോണ്ടുള്ള പരിപാടിയാണോ ?
വിജയകുമാർ: അതെ അതുതന്നെയാണ് നടക്കുന്നത്.
രാജു: ആരൊക്കെയാണ് ഉള്ളത് ?
വിജയകുമാർ: മലമ്പുഴ എംഎൽ പ്രഭാകരേട്ടൻ ഉണ്ട്
രാജു: വേറെ ആർക്കെങ്കിലും ജോലി മേടിച്ചു കൊടുത്തിട്ടുണ്ടോ ?
കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണേ, അതു കൊണ്ടാണ് ചോദിച്ചത്
വിജയകുമാർ: നൂറ് ശതമാനം നടക്കുന്നതാണ്..
രാജു: മൊത്തം എത്ര കൊടുക്കണം ?
വിജയകുമാർ: ഏഴ് രൂപ കൊടുക്കണം ( 7ലക്ഷം)
ഒന്നര ആദ്യം, പോസ്റ്റിങ് ഓർഡർ കിട്ടിയ ശേഷം ബാക്കി..
കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് ചെയ്യുന്നത് മൊത്തം..
രാജു: എത് ജില്ലാ സെക്രട്ടറി ? എം.വി.ജയരാജനോ ?
വിജയകുമാർ: അതുതന്നെയാണ് പറഞ്ഞത്
രാജു: ആ ശരി, ഇവരൊക്കെ അറിഞ്ഞോണ്ടുള്ള പരിപാടിയാണോ ?
വിജയകുമാർ: പുള്ളിയുടെ പിഎ ആണ് ചെയ്യുന്നത് എല്ലാം
രാജു: പുള്ളിയുടെ പേരെന്താ.?
വിജയകുമാർ: അതെനിക്ക് അറിയില്ല. സിദ്ദീഖിന്‍റെ പേര് മാത്രമേ അറിയൂ..
രാജു: സിദ്ദീഖ് സിപിഎം കാരൻ ആണോ?
വിജയകുമാർ: സിദ്ദീഖ് സിപിഎമ്മിന്‍റെ നമ്പർ വൺ ആണ്
രാജു: കണ്ണൂരിൽ എവിടെയാ വീട് ?
വിജയകുമാർ: അതെനിക്ക് അറിയില്ല..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam