
കോട്ടയം: കേരള കോൺഗ്രസിൽ ജോസ് കെ മാണിയെക്കാൾ കരുത്തനാവുകയാണോ റോഷി അഗസ്റ്റിൻ. ഇന്നലെ എൽഡിഎഫിന്റെ മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടത്തിയ വാർത്ത സമ്മേളനത്തിലെ റോഷി അഗസ്റ്റിന്റെ ഇടപെടലോടെയാണ് ഇങ്ങനെയൊരു പ്രചാരണം കോൺഗ്രസിന്റെ സൈബർ അണികൾ ശക്തമാക്കുന്നത്. പാർട്ടി ചെയർമാൻ പാലായിൽ മത്സരിക്കുമെന്ന് ജോസിനെ ഇരുത്തിക്കൊണ്ട് റോഷി പറഞ്ഞത് മാണി ഗ്രൂപ്പിൽ ജോസിന്റെ കരുത്ത് കുറയുന്നതിന്റെ സൂചനയാണെന്ന പ്രചാരണമാണ് സൈബർ ഇടത്തിൽ കോൺഗ്രസ് ശക്തമാക്കുന്നത്. ഒടുവില്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ജോസ് കെ മാണി തന്നെ രംഗത്തെത്തി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തില്‍ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ പ്രഖ്യാപിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറയാൻ ഒരുങ്ങുമ്പോഴായിരുന്നു മൈക്ക് പിടിച്ചുവാങ്ങി റോഷി ഇക്കാര്യം പറഞ്ഞത്. "ജോസ് കെ. മാണി മത്സരിക്കും, സംശയമെന്ത്? അതൊക്കെ പാർട്ടിയുടെ തീരുമാനമാണ്. സജ്ജമായി തന്നെ രംഗത്തുവരും, സജീവമായി നേരിടും," എന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. പാലായിൽ തന്നെയാകും മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും, അതനുസരിച്ച് മുന്നോട്ട് പോകും എന്ന് ജോസ് കെ മാണിയും വ്യക്തമാക്കി.
റോഷി അഗസ്റ്റിൻ സ്നേഹം കൂടിയത് കൊണ്ട് പറഞ്ഞതാണെന്ന് ജോസ് കെ മാണി ഇന്ന് കോതമംഗലത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യമൊക്കെ പാർട്ടി ആലോചിച്ച് തീരുമാനിക്കും. റോഷി ചോര തിളപ്പുള്ള നേതാവാണ്. മത്സരിക്കണം എന്ന് പറഞ്ഞത് സ്നേഹ കൂടുതല്‍ കൊണ്ടാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam