
ആലപ്പുഴ: കുട്ടനാട് സീറ്റിനെ ചൊല്ലി യുഡിഫ് ഉഭയകക്ഷി യോഗത്തിൽ പരസ്‍പരം ഏറ്റുമുട്ടി ജോസഫും ജോസ് കെ മാണിയും. അതേസമയം സീറ്റ് വിട്ട് നൽകണമെന്ന കോൺഗ്രസ് ആവശ്യം ഇരുവരും അംഗീകരിക്കാനും തയ്യാറായില്ല. 16 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം അന്തിമഘട്ടത്തിലാണ്.
ഡിസിസി പ്രസിഡന്‍റ് എം ലിജു ഉൾപ്പടെയുള്ളവരുമായി ചർച്ച നടത്തി ജയസാധ്യത വിലയിരുത്തിയ ശേഷമായിരുന്നു കേരള കോൺഗ്രസുമായി ഉഭയകക്ഷി ചർച്ചക്കെത്തിയത്. എന്നാൽ ചർച്ച ജോസഫ് -ജോസ് കെ മാണി തർക്കത്തിന്‍റെ വേദിയായി. സീറ്റ് ജോസഫിന്‍റേതാണെന്ന കഴിഞ്ഞ ചർച്ചയിൽ നേതാക്കൾ പറഞ്ഞതാണ് ജോസ് കെ മാണിയെ പ്രകോപിപ്പിച്ചത്. സീറ്റ് മാണി വിഭാഗത്തിന്‍റേതാണെന്ന ഉറച്ച നിലപാട് സ്വീകരിച്ച ജോസ് കെ മാണി സീറ്റിൽ വീട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി. സീറ്റ് തങ്ങളുടേതാണെന്ന നിലപാട് ജോസഫും ആവർത്തിച്ചു. തർക്കം മുറുകിയതോടെ തീരുമാനം 16 ലേക്ക് മാറ്റി.
ജോസ് കെ മാണി കോൺഗ്രസിന്‍റെ കേന്ദ്രനേതാക്കളുമായും ചർച്ച നടത്തും. കൊവിഡ് ജാഗ്രതയിലായിതിനാൽ ഉപതെരഞ്ഞെടുപ്പ് വൈകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഇതിനിടെ കുട്ടനാട്ടിൽ എൻസിപി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ എ വിജയരാഘവൻ പറഞ്ഞു. ഉടൻ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam