
മുണ്ടക്കൈ: വയനാട് ദുരന്തത്തിലെ ലീഗിന്‍റെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയിലെ ഭൂമി വിവാദം കനക്കുന്നു. പുനരധിവാസ പദ്ധതിക്കായി തോട്ടം ഭൂമി തരം മാറ്റിയെന്നതിൽ കേസെടുക്കുന്നതിൽ സോണൽ ലാൻഡ് ബോർഡ് അഭിപ്രായം തേടി. സംസ്ഥാന ലാൻഡ് ബോർഡിന്റെ നിലപാടാണ് സോണൽ ലാൻഡ് ബോർഡ് തേടിയത്. ഭൂമി വിറ്റവരെയും വാങ്ങിയ ലീഗ് നേതൃത്വത്തിനെയും ഉൾപ്പെടെ കേസിൽ കക്ഷി ചേർക്കുന്നതിൽ സംസ്ഥാന ലാൻഡ് ബോർഡിന്റെ നിലപാട് നിർണായകമാകും.
അതിനിടെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയിൽ മുസ്ലിം ലീഗ് ഗുണഭോക്താക്കളുടെ യോഗം വിളിച്ചു. ഭൂമി സംബന്ധിച്ച വിവാദത്തിനിടെ ആണ് നടപടിയെന്നത് ശ്രദ്ധേയമാണ്. നിലവിലെ ഭൂമിയുടെ സാഹചര്യത്തെക്കുറിച്ച് ലീഗ് നേതൃത്വം വിശദീകരിച്ചു. നിയമപ്രശ്നങ്ങൾ ഇല്ലെന്നും പുനരധിവാസ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്നും പി കെ ബഷീർ ഗുണഭോക്താക്കൾക്ക് ഉറപ്പുനൽകി. സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ട 85 പേരുടെ യോഗമാണ് ചേർന്നത്. ആർക്കെങ്കിലും തിരികെ സർക്കാരിന്‍റെ ടൗൺഷിപ്പിൽ ഭാഗമാകാൻ താൽപര്യമുണ്ടോ എന്ന് ലീഗ് നേതൃത്വം ആരാഞ്ഞു. 3 മാസം മുൻപ് ഗുണഭോക്താക്കളിൽ ഒരു കുടുംബം ലീഗിന്‍റെ പദ്ധതി വിട്ട് സർക്കാർ ടൗൺഷിപ്പിന്‍റെ ഭാഗമായിരുന്നു. ഇതടക്കം മുൻനിർത്തിയാണ് ആർക്കെങ്കിലും തിരികെ സർക്കാരിന്‍റെ ടൗൺഷിപ്പിൽ ഭാഗമാകാൻ താൽപര്യമുണ്ടോ എന്ന് ലീഗ് നേതൃത്വം ചോദിച്ചത്. എന്നാൽ ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചോ എന്ന കാര്യം വ്യക്തമല്ല.