മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംഎസ് മണി അന്തരിച്ചു

By Web TeamFirst Published Feb 18, 2020, 6:25 AM IST
Highlights

2018 ല്‍ മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരമടക്കം നേടിയ അദ്ദേഹം മലയാള മാധ്യമരംഗത്തെ മറക്കാനാകാത്ത വ്യക്തിത്വമാണ്. 

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എംഎസ് മണി അന്തരിച്ചു. കലാകൗമുദി പത്രത്തിന്‍റെ ചീഫ് എഡിറ്ററും കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററുമായിരുന്നു അദ്ദേഹം. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പില്‍.

കേരള കൗമുദി ദിനപത്രത്തിന്‍റെ പത്രാധിപരായിരുന്ന കെ സുകുമാരന്‍റെ മകനായി നവംബര്‍ നാലിന് കൊല്ലം ജില്ലായിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. 1961 ല്‍ കേരളാകൗമുദിയില്‍ റിപ്പോര്‍ട്ടറായാണ് മാധ്യമ രംഗത്തേക്ക് അദ്ദേഹം കാലെടുത്തുവെച്ചത്. പിന്നീട് 1962 ല്‍ പാര്‍ലമെന്‍റ് ലേഖകനായി ദില്ലിയിലേക്കെത്തി.

1962 ലെ കോണ്‍ഗ്രസിന്‍റെ പാറ്റ്നാ പ്ലീനം, ഇന്ദിരാഗാന്ധി നേതൃത്വം നല്‍കിയ ബംഗ്ലൂരു എഐസിസി സമ്മേളനം അടക്കം ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹമായിരുന്നു. മാധ്യമരംഗത്തെ മികവിനുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരമടക്കം നേടിയ എംഎസ് മണി മലയാള മാധ്യമരംഗത്തെ മറക്കാനാകാത്ത വ്യക്തിത്വമാണ്. 

click me!