
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സഹോദരന്‍റെ മകനില്‍ നിന്നും വധ ഭീഷണി നേരിടുന്നതിനാൽ പേടിയോടെയാണ് കണ്ണൂരിൽ കഴിയുന്നതെന്ന് മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാൽ. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ബന്ധു സി സത്യൻ, റിപ്പോർട്ടറായ മനോജ് കരിപ്പാലിന്‍റെ വാട്സാപ്പിൽ കൊലവിളി സന്ദേശം അയച്ചത്. ജീവൻ ബാക്കിയുണ്ടെങ്കിലല്ലേ റിപ്പോർട്ട് ചെയ്യാനാകു എന്നായിരുന്നു സന്ദേശം.
ജീവന് ഭീഷണിയുണ്ടെന്നും പൊലീസിനെ സമീപിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം എടുക്കുമെന്നും ശിവദാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിന് സന്ദേശം അയച്ചത് താന്‍ തന്നെയെന്ന് സത്യന്‍ പറഞ്ഞു. മാധ്യമപ്രവർത്തകൻ ചെയ്ത പണിക്കുള്ള മറുപടിയാണ് നൽകിയതെന്നെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും സത്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വധഭീഷണി ഓഡിയോ പുറത്തുവന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും സംഭവത്തിൽ പൊലീസ് ഇടപെടൽ ഉണ്ടായിട്ടില്ല.