
കോഴിക്കോട്: ഇടിച്ചിട്ട വാഹനം നിർത്താതെ പോയതിനെ തുടർന്ന് 9 മാസമായി കോമയിൽ കഴിയുന്ന ഒൻപത് വയസുകാരി ദൃഷാനയ്ക്ക് ഒടുവിൽ നീതിക്ക് വഴിയൊരുങ്ങുന്നു. പുറമേരി സ്വദേശി ഷജിലിന്റെ വാഹനമാണ് ദൃഷാനയെ ഇടിച്ചിട്ട് നിർത്താതെ പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കെഎൽ 18 ആർ 1846 എന്ന കാറാണ് കുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പോയത്. 2024 ഫെബ്രുവരി 17ന് നടന്ന അപകടത്തിൽ ദൃഷാനയുടെ അമ്മൂമ്മ ബേബി മരിച്ചിരുന്നു. കുട്ടിയ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനത്തിന് രൂപമാറ്റം വരുത്തിയതായും പൊലീസ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്ന വാർത്തയെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി 19,000 വാഹനങ്ങളാണ് ഈ കേസിന് വേണ്ടി പരിശോധനക്ക് വിധേയമാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. 50000 ഫോൺകോളുകളും ശേഖരിച്ച് പരിശോധിച്ചു. 500ലധികം വർക് ഷോപ്പുകളിലും പൊലീസ് നേരിട്ടെത്തി പരിശോധിച്ചു. 40 കിലോമീറ്റർ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. കൂടാതെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പത്ത് മാസത്തിന് ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്. ഇൻഷുറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
അപകടം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട ഷജീല്‍ സമീപിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. മതിലില്‍ ഇടിച്ചു എന്ന കാരണം പറഞ്ഞാണ് ഇയാള്‍ ക്ലെയിമിനായി സമീപിച്ചത്. തുടര്‍ന്നാണ് ഈ രീതിയില്‍ അന്വഷണം നടത്തിയത്. 10 മാസക്കാലം ആറോളം പൊലീസുകാരുടെ ശ്രമഫലമായാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞതെന്ന് ഡിവൈഎസ്‌പി ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദേശത്തേക്ക് കടന്ന പ്രതി ഷജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാളിപ്പോൾ യുഎഇയിലാണ് ഉള്ളത്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ വടകര ചോറോട് വെച്ച് രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ബേബി തല്‍ക്ഷണം മരിച്ചു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. 9 മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.
അപകടത്തിൽ പരിക്കേറ്റ് കോമയിലായ 9 വയസുകാരിയുടെ ദുരിതം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam