
പൂഞ്ഞാർ: സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാറിന്‍റെ തട്ടം പരാമര്‍ശത്തില്‍ വിവാദം കത്തുമ്പോള്‍ പ്രതികരണവുമായി ജനപക്ഷം പാര്‍ട്ടി നേതാവ് ഷോൺ ജോര്‍ജ്. മനുഷ്യൻ ചന്ദ്രനിൽ ഫുട്ബോൾ കളിച്ചു തുടങ്ങിയെന്നും മലയാളി ഇപ്പോഴും തട്ടത്തിൽ തട്ടി നില്‍ക്കുകയാണെന്നും ഷോൺ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. എന്ന് നേരം വെളുക്കുവോ എന്തോ എന്ന ചോദ്യവും ഷോൺ ജോര്‍ജ് ഉന്നയിച്ചു. അതേസമയം, അനില്‍കുമാറിന്‍റെ തട്ടം പരാമര്‍ശം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്‍ തളളിയെങ്കിലും മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചിരുന്നു.
പരാമർശം അനവസരത്തിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എങ്ങനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റിയെന്നും തിരുത്തേണ്ട സാഹചര്യം വന്നുവെന്നും പരിശോധിക്കണം. തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല. ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്. ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീറും ആവശ്യപ്പെട്ടിരുന്നു.
ചില വസ്ത്രങ്ങളോട് മാത്രം വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. സംഘപരിവാർ നിലപാടിൽ നിന്ന് ഒരു വ്യത്യാസവും സിപിഎമ്മിനില്ലെന്നും മുനീർ മലപ്പുറത്ത് പറഞ്ഞു. അതേസമയം തട്ടം വിവാദത്തില്‍ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്ത് വന്നിരുന്നു. സിപിഎം മതചാരങ്ങൾക്കെതിരാണെന്ന രീതിയിൽ അഡ്വ. അനിൽകുമാറിന്‍റെ പ്രസ്താവനയെ ചിത്രീകരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഏത് വിഭാഗത്തിനും അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാന്‍ സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അനിൽകുമാറിന്‍റെ പ്രസ്താവനയുടെ ചെറിയ ഭാഗം മാത്രമാണ് വിവാദമാക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും എം എ ബേബി പറഞ്ഞു.
വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി, കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാം, വമ്പൻ ഓഫറുകളുടെ വിവരങ്ങളിതാ