കുമ്പളം ടോള്‍ പ്ലാസയില്‍ കെ ബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞു; പ്രതിഷേധിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍

By Web TeamFirst Published Aug 26, 2021, 7:22 PM IST
Highlights

വൈറ്റില ഭാഗത്ത് നിന്ന് കുമ്പളത്തേക്ക് പോകവേ കെ ബാബു എംഎല്‍എയുടെ കാര്‍ ബലമായി ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ തടയുകയായിരുന്നു. ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടും പറ്റി.

കൊച്ചി: കുമ്പളം ടോള്‍ പ്ലാസയില്‍ കെ ബാബു എംഎല്‍എയുടെ കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ബോണറ്റിന് മുകളില്‍ ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടുകള്‍ പറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച കോണ‍്‍ഗ്രസ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം ടോള്‍ നല്കാ‍ന്‍ അനുവദിക്കാതെ വാഹനങ്ങള്‍ കടത്തിവിട്ടു.

വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വൈറ്റില ഭാഗത്ത് നിന്ന് കുമ്പളത്തേക്ക് പോകവേ കെ ബാബു എംഎല്‍എയുടെ കാര്‍ ബലമായി ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ തടയുകയായിരുന്നു. എംഎല്‍എയാണെന്ന് സൂചിപ്പിക്കുന്ന ബോര‍ഡും കാറിലുണ്ടായിരുന്നു. ക്രോസ് ബാര്‍ വീണ് കാറിന് കേടുപാടും പറ്റി. ഇതോടെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.

അരമണിക്കൂറോളം ടോള്‍ വാങ്ങാന്‍ അനുവദിക്കാതെ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കടത്തിവിട്ടു. ജീവനക്കാരുടെ നടപടി അതിരുകടന്നതെന്നായിരുന്നു എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. തുടര്‍ന്ന് പനങ്ങാട് എസ് ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ടോള്‍ പ്ലാസയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ് ഐ അറിയിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
    
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!