
കോട്ടയം: യൂത്ത് കോണ്‍ഗ്രസിനെതിരായ പി ജെ കുര്യന്റെ വിമർശനം തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. 9 കൊല്ലമായി കെഎസ്‌യുവും യൂത്ത് കോൺഗ്രസും സമരമുഖത്തുണ്ടെന്ന് കെ സി ജോസഫ് പറഞ്ഞു. കുര്യന്റെ പരാമർശം വസ്തുതാ വിരുദ്ധവും യാഥാർത്ഥ്യബോധമില്ലാത്തതുമാണ്. എസ്എഫ്ഐയുടെ സമരം പോലെ പോലീസ് സംരക്ഷണയിൽ അല്ല യൂത്ത് കോൺഗ്രസ് സമരങ്ങൾ. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന്റെ ക്രൂരമായ മർദനം ഏറ്റുവാങ്ങുന്നു. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സംഘടനാശക്തിയെ പുകഴ്ത്തുന്നവർ ഇതൊന്നും കാണുന്നില്ലേ എന്നും കെ സി ജോസഫ് ചോദിച്ചു. കോൺഗ്രസിന്റെ ഏതു സമരവും അഗ്രസീവ് ആകാൻ യൂത്ത് കോൺഗ്രസുകാരും കെഎസ്‌യുകാരും വേണം. ദാനം കൊടുത്തില്ലെങ്കിലും യൂത്ത് കോൺഗ്രസുകാരെ പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിക്കരുതെന്ന് കെ സി ജോസഫ് പറഞ്ഞു.
കുറിപ്പിന്‍റെ പൂർണരൂപം
യൂത്ത് കോൺഗ്രസ്സിനെ വിമർശിച്ചും എസ്എഫ് ഐയെ പുകഴ്ത്തിയും ശ്രീ പി ജെ കുര്യൻ നടത്തിയ പരാമർശനം യാഥാർഥ്യ ബോധമില്ലാത്തതും വസ്തുതാവിരുദ്ധവും ആണെന്ന് പറയാതെ നിവൃത്തിയില്ല. കഴിഞ്ഞ ഒൻപതു കൊല്ലമായി നിരന്തരമായ സമരമുഖത്താണ് കെ എസ് യുവും യൂത്ത് കോണ്ഗ്രസും. ശ്രീ പി ജെ കുര്യൻ പറഞ്ഞതുപോലെ പോലീസ് സംരക്ഷണയിൽ എസ് എഫ് ഐ നടത്തിയ യൂണിവേഴ്സിറ്റി മാർച്ചു പോലെ പോലീസ് സംരക്ഷണയിലല്ല, പോലീസിന്റെ ക്രൂരമായ മർദ്ദനം ഏറ്റു വാങ്ങിയാണ് യൂത്ത് കോൺഗ്രസ്സും കെ എസ് യുവും സമരം ചെയ്തിട്ടുള്ളത്. എത്രയോ ദിവസങ്ങൾ യൂത്ത് കോൺഗ്രസ്-കെ എസ് യു നേതാക്കൾ പോലീസിന്റെ അതിക്രൂരമായ മർദ്ദനം മൂലം ആശുപത്രിയിൽ കഴിയേണ്ടി വന്നു. എത്രയോ ദിവസം ജയിൽവാസം അനുഷ്ഠിച്ചു.
പിണറായിയുടെ നവകേരള യാത്ര തുടങ്ങിയ കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ പ്രതിഷേധിച്ചതും ചെടിച്ചട്ടികൊണ്ടും ലാത്തികൊണ്ടും മർദ്ദനം ഏറ്റുവാങ്ങിയതും യൂത്ത് കോൺഗ്രസ്സായിരുന്നില്ലേ ? ഡി വൈ എഫ് ഐ യുടെയും എസ് എഫ് ഐയുടെ സംഘടനശക്തിയെ പുകഴ്ത്തുന്നവർ എന്ത് കൊണ്ട് ഇതൊന്നും കാണുന്നില്ല ? കോൺഗ്രസ്സിന്റെ ഏതു സമരവും അഗ്രസീവ് ആകാൻ യൂത്ത് കോൺഗ്രസ്സുകാരും കെ എസ് യൂക്കാരും വേണം എന്നതല്ലേ സത്യം? ദാനം കൊടുത്തില്ലെങ്കിലും യൂത്ത് കോൺഗ്രസുകാരെ പട്ടിയെ വിട്ട് കടിപ്പിക്കാൻ ശ്രമിക്കരുതെന്നാണ് ഒരു മുൻകാല യൂത്ത് കോൺഗ്രസ്സുകാരനെന്ന നിലയിൽ എനിക്ക് അഭ്യർത്ഥിക്കാനുള്ളത്
പി ജെ കുര്യൻ പറഞ്ഞത്...
എസ്എഫ്ഐയുടെ സർവകലാശാല സമരം കണ്ടില്ലേ എന്നും ക്ഷുഭിത യൗവനത്തെ അവർ കൂടെ നിർത്തുന്നു എന്നുമാണ് പി ജെ കുര്യൻ പറഞ്ഞത്. സിപിഎം സംഘടനാ സംവിധാനം ശക്തമാണ്. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാം. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തി പി ജെ കുര്യൻ വിമർശിച്ചു.
കഴിഞ്ഞ തവണ താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് നിയമസഭാ സീറ്റുകളിൽ യുഡിഎഫ് ജയിക്കുമായിരുന്നുവെന്നും പി ജെ കുര്യൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ ആരോടും ആലോചിക്കാതെയാണ് സ്ഥാനാർത്ഥികളെ നിർണയിച്ചത്. അനിൽകുമാറും അടൂർ പ്രകാശും ഇരിക്കുന്ന കെപിസിസിയിൽ താൻ പറഞ്ഞ അഭിപ്രായം അംഗീകരിച്ചില്ല. അന്ന് അവർ കേട്ടില്ല. താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ മൂന്ന് പേർ ഉറപ്പായും ജയിക്കുമായിരുന്നു. സ്ഥാനാർത്ഥിയെ അടിച്ചേൽപിച്ചാൽ ഇത്തവണ അപകടം ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷനെയും, യുഡിഎഫ് കൺവീനറെയും വേദിയിൽ ഇരുത്തി കുര്യൻ മുന്നറിയിപ്പ് നൽകി.