ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ ആംബുലൻസിൽ രാത്രി മാറ്റു; സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് കെകെ ശൈലജ

By Web TeamFirst Published Sep 6, 2020, 9:24 PM IST
Highlights

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് ഡ്രൈവറെ നിയമിച്ചതെന്നും ഈ പ്രവര്‍ത്തിപരിചയം കണക്കിലെടുത്താണ് തുടര്‍നിയമനം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താണ് ഡ്രൈവറെ നിയമിച്ചതെന്നും ഈ പ്രവര്‍ത്തിപരിചയം കണക്കിലെടുത്താണ് തുടര്‍നിയമനം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ഇനിമുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കും.രാത്രിയില്‍ ആംബുലന്‍സില്‍ ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികളെ മാത്രമേ മാറ്റു. സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 

കനിവ് 108 ആംബുലന്‍സുകളില്‍ ജോലി ചെയ്യുന്നവരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരോട് ഉടന്‍ ഹാജരാക്കാന്‍ ആംബുലന്‍സിന്‍റെ നടത്തിപ്പുകാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആരോഗ്യ വകുപ്പും ഇതേപ്പറ്റി അന്വേഷണം നടത്തും. യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇന്നലെ അർദ്ധരാത്രിയിലാണ് ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ട് പ്രതി നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അടൂർ വടക്കേടത്ത്കാവിൽ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു നൗഫലിന്‍റെ ആംബുലൻസ്. പീഡനത്തിനിരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നിർദേശം. 

അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെൺകുട്ടിയെ പന്തളത്ത് എത്തിച്ചത്. ഇതിനിടയിൽ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം. 


 

click me!