
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം പിന്നിടുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന കെ എം ബഷീറെന്ന മാധ്യമപ്രവർത്തകനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് ഇടിച്ചു തെറിപ്പിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലോടിച്ച കാർ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബഷീറിലേക്ക് മാത്രമല്ല, ഒരു കുടുംബത്തിൻറെ എല്ലാ പ്രതീക്ഷകളിലേക്കുമാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനം ഇരമ്പിരകയറിയത്. മലപ്പുറം വാണിയന്നൂരെന്ന ഒരു ഗ്രാമത്തിൽ നിന്നാണ് ബഷീർ ജോലിക്കായി തലസ്ഥാനത്തെത്തുന്നത്. സിറാജ് പത്രത്തിൻറെ യൂണിറ്റ് ചീഫായിരുന്ന ബഷീർ അന്നേ ദിവസം രാത്രി ജോലികളെല്ലാം തീർത്ത് താമസ സ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു. കുടുബത്തിൻറെ മുഴുവൻ ഭാരവുമേറ്റിയിരുന്ന ആ ചെറുപ്പക്കാരന്‍റെ ജീവിതമാണ് മറ്റൊരാളുടെ അശ്രദ്ധകാരണം പൊലിഞ്ഞത്. നിയമം പാലിച്ച് മറ്റുള്ളവർക്ക് മാതൃകയേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇവിടെ നിയമലംഘകനായത്.
വായ്പയെടുത്ത് നാട്ടിൽ നിർമ്മിച്ച വീട്ടിൽ മൂന്നുമാസം പോലും താമസിക്കുന്നതിന് മുന്‍പായിരുന്നു ബഷീറിന്‍റെ അകാലമൃത്യു. രണ്ടു മക്കളും ഭാര്യയും വയസായ അമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ കണ്ണീര്‍ ഇന്നും തോര്‍ന്നിട്ടില്ല. ശ്രീറാമിന് മദ്യത്തിന്‍റെ മണമുണ്ടായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. പക്ഷേ പൊലീസിന്‍റെ അനാസ്ഥ കാരണം ശ്രീറാമിന്‍റെ രക്തപരിശോധന വൈകി. മണിക്കൂറുകള്‍ക്ക് ശേഷം രക്തപരിശോധന നടത്തിയെങ്കിലും മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല.
പുലർച്ചെ നടന്ന അപകടത്തിന്‍റെ എഫ്ഐആർ ഇടുന്നത് രാവിലെ ഏഴുമണിക്ക് ശേഷം മാത്രമായിരുന്നു. ശ്രീറാമിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കി നൽകി. തലസ്ഥാനത്തെ പ്രധാനവീഥിയിലെ സിസിടിവി പ്രവർത്തിക്കാത്തിനാൽ അപകടം എങ്ങനെ നടന്നുവെന്നും ശ്രീറാമിന്റെ കാർ അമിത വേഗതയിലായിരുന്നോയെന്നും ശ്രീറാം കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നോയെന്നുമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. കേസിൽ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത് ജൂലൈ മാസം പകുതിയോടെയായിരുന്നു.
സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചുകൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതിയിൽ നിന്ന് ഇത്തരത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഉത്തരവ് ഉണ്ടായത്. ഈ വിധിക്കെതിരെയാണ് ഇപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതൊരു സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാം വാദിക്കുന്നത്. കൂടാതെ തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ രീതിയിലുള്ള മാധ്യമസമ്മർദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് തനിക്കെതിരെ നരഹത്യാക്കുറ്റം ചുമത്താം എന്നുള്ള ഹൈക്കോടതിയുടെ വിധി എന്നുള്ള കാര്യമാണ് സുപ്രീം കോടതിയെ അപ്പീലിൽ ശ്രീറാം വെങ്കിട്ടരാമൻ വ്യക്തമാക്കിയിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമിനെതിരെ പൊലീസ് ചുമത്തിയ നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. IPC 304, 201 കുറ്റങ്ങൾ പ്രകാരം ശ്രീറാമിനെ വിചാരണ ചെയ്യാമെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. നരഹത്യാക്കുറ്റം ചുമത്തിയ മുന്നൂറ്റിനാലാം വകുപ്പിലെ രണ്ടാം ഖണ്ഡിക ശ്രീറാമിനെതിരെ നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam