
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തിൽ എതിർപ്പുണ്ടായിരുന്നു എന്ന് വ്യക്തമാക്കി മന്ത്രി കെ മുരളീധരൻ. ഹിന്ദു മന്ത്രിമാർ ഒപ്പിട്ട് ദേവസ്വം അംഗങ്ങളുടെ നിയമന ഉത്തരവിറങ്ങും. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഉടൻ ഇന്നോ നാളെയോ ഉത്തരവ് ഇറങ്ങും. എത്ര മന്ത്രിമാർ ഒപ്പിടും എന്ന് ചോദ്യത്തിന് ക്യാബിനറ്റ് രഹസ്യങ്ങൾ പറയാൻ പറ്റില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഏറിയ പങ്ക് മന്ത്രമാരും മുഖ്യമന്ത്രിക്കെതിരെ നിൽക്കുമ്പോൾ സതീശനെ പിന്തുണയ്ക്കുന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി.
യുഡിഎഫ് അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതിനെത്തുടർന്ന് വൻ തർക്കമുണ്ടായതായാണ് റിപ്പോർട്ട്. പുതിയ പിഎസ്‍സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എ പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകി. പിഎസ്‍സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.
ഇതിനിടെ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ എതിർപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി. കെപിസിസി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർഎസ്‍പിക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചു. കൂട്ടായ ചർച്ചയില്ലെന്ന പരാതി മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ ഉയർത്തി. അധികാരത്തിലേറി ആറാം മാസമാണ് മന്ത്രിസഭയിൽ ഇത്തരത്തിൽ അസാധാരണമായ വിമർശനമുണ്ടായത്. വിശാലമായ ചർച്ച നടന്നതോടെ യോഗം രണ്ടര മണിക്കൂറോളം നീണ്ടു.
ഗുരുവായൂർ ദേവസ്വം ബോർഡ് പട്ടികയാണ് യുഡിഎഫിൽ കലഹത്തിന് കാരണമായത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് മന്ത്രിമാരുടെ പരാതി. എന്നാല്‍, ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നാണ് പട്ടിക തയാറാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. വി ഡി സതീശനെ പിന്തുണച്ചാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. തന്നോട് ആലോചിച്ചാണ് തീരുമാനം എടുത്തതെന്ന് ദേവസ്വം മന്ത്രി വിശദീകരിക്കുന്നു. എന്നാല്‍, കൂടിയാലോചന ഇല്ലാതെയാണ് പേരുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുന്നതെന്നാണ് മന്ത്രിമാരുടെ പരാതി. ജനറൽ വിഭാഗത്തിൽ രണ്ടും ജീവനക്കാരുടെ പ്രതിനിധിയായി ഒരാളുടെയും ഒഴിവാണ് നിലവിലുള്ളത്. ഇതിൽ കോൺഗ്രസ് നേതാക്കളായ സി വി ബാലചന്ദ്രൻ, ശിവൻ പാലിയത്ത് എന്നിവരെ ജനറൽ വിഭാഗത്തിലും പി അഭിലാഷിനെ ജീവനക്കാരുടെ പ്രതിനിധിയായുമാണ് മുഖ്യമന്ത്രി പട്ടിക തയ്യാറാക്കിയതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam