'മണ്ഡലത്തിൽ പോയി പണിയെടുക്കട്ടെ'; തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്ക് അയക്കണ്ടെന്ന് കെ മുരളീധരൻ

Published : Mar 17, 2022, 11:29 AM ISTUpdated : Mar 17, 2022, 11:42 AM IST
'മണ്ഡലത്തിൽ പോയി പണിയെടുക്കട്ടെ'; തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭയിലേക്ക് അയക്കണ്ടെന്ന് കെ മുരളീധരൻ

Synopsis

കെ സുധാകരൻ്റെ നോമിനിയായ എം ലിജുവിനെതിരെ കെ സി വേണുഗോപാൽ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എഐസിസിക്ക് കത്തയച്ചു. 

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിൽ (Rajya sabha Election) സമീപകാല തെരഞ്ഞെടുപ്പുകളിൽ തോറ്റവരെ പരിഗണിക്കരുതെന്ന് കെ മുരളീധരൻ. പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് മുരളീധരൻ കത്തയച്ചു. തെരഞ്ഞെടുപ്പിൽ തോറ്റവർ ആ മണ്ഡലങ്ങളിൽ പോയി ജോലി ചെയ്യണമെന്നാണ് മുരളീധരൻ പറയുന്നത്. 

കെ സുധാകരൻ്റെ നോമിനിയായ എം ലിജുവിനെതിരെ കെ സി വേണുഗോപാൽ വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എഐസിസിക്കും കത്തയച്ചിട്ടുണ്ട്. 

കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ എം ലിജുവിനെ കൊണ്ടുവരണമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആഗ്രഹിക്കുന്നത്. സീറ്റാവശ്യവുമായി ദില്ലിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി സുധാകരൻ കൂടിക്കാഴ്ചയും നടത്തി. എം ലിജുവും രാഹുലുമൊത്തുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ലിജുവിന്റെ പേര് പരിഗണനയിലുണ്ടെന്ന് സുധാകരൻ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ കണ്ടത് രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടാണെന്ന് എം ലിജുവും വ്യക്തമാക്കി. രാജ്യസഭാ സീറ്റിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ലിജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഇതിനിടയിലാണ് ലിജുവിനെ ലക്ഷ്യം വച്ചുള്ള കെ സി വേണുഗോപാൽ അനുകൂലികളുടെ നീക്കം. 

കെ വി തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും സി പി ജോണിനെ പോലുള്ള ​ഘടകകക്ഷി നേതാക്കളും രാജ്യസഭ സീറ്റിനായി സമ്മർദ്ദം തുടരുന്നുണ്ട്. ലിജുവിന് പുറമേ വി ടി ബൽറാമിന്റെ പേരും യുവനേതാവെന്ന നിലയിൽ സജീവ ചർച്ചയിലുണ്ട്. ഇതിനിടയിലാണ് ഹൈക്കമാൻഡിനുള്ള മുരളീധരന്റെ കത്തും, കെ സി വേണുഗോപാൽ അനുകൂലികളുടെ എഐസിസിക്കുള്ള കത്തും. 

തെരഞ്ഞെടുപ്പിൽ തോറ്റവർ പരിഗണിക്കപ്പെടരുതെന്നാണ് തീരുമാനമെങ്കിൽ അത് ലിജുവിനും ബലറാമിനും പ്രതികൂലമാകും. നിയമസഭ തെരഞ്ഞെടുപ്പിൽ ലിജു അമ്പലപ്പുഴയിലും, വി ടി ബൽറാം തൃത്താലയിലും പരാജയപ്പെട്ടിരുന്നു. ഇനിയെ വനിതയെ ആണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നതെങ്കിൽ മുൻപന്തിയിലുള്ള ഷാനിമോൾ ഉസ്മാനും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതാണ്. 

ഈ ചർച്ചകൾ തുടരുന്നതിനിടെ അപ്രതീക്ഷിതമായി ദില്ലിയിൽ നിന്നും ഒരു പുതിയ പേരും എത്തിയിട്ടുണ്ട്. കെപിസിസി പരി​ഗണിക്കുന്ന നേതാക്കളുടെ പേരിനൊപ്പം ശ്രീനിവാസൻ കൃഷ്ണൻ്റെ പേര് കൂടി ഉൾപ്പെടുത്താനാണ് ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസൻ്റെ പേര്കൂടി നിർദേശിക്കാനാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 

എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് പത്ത് വർഷത്തോളം കെ.കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിയതും നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം
എയിംസ്; നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി, 'കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം'