തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ തുടര്‍ന്ന് അണപൊട്ടിയ അതൃപ്തിയിൽ കലാപം തീരാതെ കെപിസിസി. പാര്‍ട്ടി പ്രവര്‍ത്തകര്‍ അച്ചടക്കം പാലിക്കണമെന്നും പരസ്യ പ്രസ്താവനകൾ പാടില്ലെന്നും ഭാരവാഹിയോഗത്തിൽ പ്രസംഗിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് അതേ നാണയത്തിൽ മറുപടി നൽകി വീണ്ടും കെ മുരളീധരൻ രംഗത്തെത്തി. ഭാരവാഹി പട്ടികക്കെതിരെ കടുത്ത വിമര്‍ശനമാണ് കെ മുരളീധരൻ ഉന്നയിച്ചിരുന്നത്.
ബൂത്തിലിരിക്കേണ്ടവരെല്ലാം കെപിസിസിയിലെത്തിയെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾക്ക് വിരുദ്ധമാണ് പുറത്ത് വന്ന പുനസംഘടനാ ലിസ്റ്റെന്നുമായിരുന്നു കെ മുരളീധരന്‍റെ വിമര്‍ശനം. സോനയുടേയും മോഹൻ ശങ്കറിന്‍റെയും ഭാരവാഹിത്വത്തെ പരസ്യമായി വിമര്‍ശിച്ച മുരളീധരന് പട്ടികയിൽ അനര്‍ഹരാരും ഇല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. ആര്‍ ശങ്കറിന്‍റെ മകൻ മോഹൻ ശങ്കറിനെ ഭാരവാഹിയായി നിര്‍ദ്ദേശിച്ചിരുന്നു എന്നും കെ മുരളീധരൻ കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞ് നോക്കണമെന്നും മുല്ലപ്പള്ളി തുറന്നടിക്കുകയും ചെയ്തിരുന്നു.
പരസ്യ പ്രസ്താവനവിലക്കിയും അച്ചടക്കം പാലിക്കണമെന്നും ആവര്‍ത്തിച്ച കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകളോട് രൂക്ഷമായ ഭാഷയിലാണ് കെ മുരളീധരൻ പ്രതികരിച്ചത്. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്, പരസ്യ പ്രസ്താവന പാടില്ലെന്ന് തന്നെയാണ് പറയാനുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു, ശൗര്യം കാണിക്കേണ്ടത് മോദിയോടും പിണറായിയോടും ആണെന്ന് മുല്ലപ്പള്ളിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു കെ മുരളീധരൻ.
പാര്‍ട്ടിവിട്ട് പോയി തിരിച്ച് വന്നത് ഓര്‍മ്മിപ്പിക്കാൻ പുറകിലോട്ട് നോക്കണമെന്ന മുല്ലപ്പള്ളിയുടെ വാക്കുകൾക്ക് പുറകോട്ട് നോക്കുമ്പോൾ ഒന്നും കാണാനില്ലെന്നായിരുന്നു കെ മുരളീധരന്‍റെ മറുപടി. പറയേണ്ട കാര്യങ്ങളെല്ലാം പറഞ്ഞത് പാര്‍ട്ടി വേദിയിലാണ്, അതിനെല്ലാം ഉള്ള മറുപടിക്കായി പരസ്യ പ്രസ്താവന നടത്തുന്നവര്‍ സ്വയം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam