
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍യത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. നേമം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കോര്‍ കമ്മിറ്റി ചെയര്‍മാൻ സ്ഥാനം രാജിവെച്ച മണക്കാട് സുരേഷിനെതിരെ പരിഹാസവുമായി കെ മുരളീധരൻ രംഗത്തെത്തി. കെപിസിസി ജനറൽ സെക്രട്ടറിയാണ് മണക്കാട് സുരേഷ്. ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ട് മണ്ഡലം കോർ കമ്മറ്റി ശ്രദ്ധിക്കാൻ പറ്റുന്നില്ലെന്നും അതുകൊണ്ട് സ്വയം രാജി വെച്ചതാണെന്നുമാണ് കെ മുരളീധരൻ്റെ പരിഹാസം. നേമം ഷജീർ പാർട്ടിക്കുവേണ്ടി അടി കൊണ്ട വ്യക്തിയാണ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്ക് മാറ്റം ഉണ്ടാകില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
ഒരു മുഴം മുമ്പേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് താരമായി നിന്ന് കോണ്‍ഗ്രസിൽ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തന്നെ തമ്മിലടി ഉയരുകയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിനെ നേമം ഡിവിഷനിൽ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന്‍റെ എതിര്‍പ്പ്. താഴെ തട്ടിലെ വികാരവും സാമുദായിക ഘടകവും നോക്കാതെ ഷജീറിനെ സ്ഥാനാര്‍ത്ഥിയാക്കാൻ എ ഗ്രൂപ്പ് നേതാക്കള്‍ ഇടപെട്ടതിലാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കെ മുരളീധരൻ മൗനം പാലിച്ചെന്നാണ് പരാതി. താൻ നിര്‍ദ്ദേശിച്ചയാളെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലും പ്രതിഷേധമുണ്ട്. മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് മണക്കാട് സുരേഷ് കെപിസിസി പ്രസിഡന്‍റിന് നൽകി. പകര്‍പ്പ് പ്രതിപക്ഷ നേതാവിനും തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിനും നല്‍കിയിട്ടുണ്ട്. മണക്കാട് സുരേഷിന്‍റെ രാജി കൊണ്ടെന്നും പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ത്ഥിയെയും മാറ്റില്ലെന്നാണ് കെ മുരളീധരന്‍റെ മറുപടി.
മൂന്ന് ഏരിയ സെക്രട്ടറിമാരടക്കം മുതിര്‍ന്ന നേതാക്കളേയും പുതുമുഖങ്ങളേയും ഒരുപോലെ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. സിപിഎം വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബു, വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ പി ശിവജി എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതേസമയം ഏരിയാ സെക്രട്ടറി സ്ഥാനത്തെക്കാള്‍ വലുതാണോ നഗരസഭാ കൗണ്‍സിലര്‍ എന്ന ചോദ്യം പാര്‍ട്ടി ജില്ലാ കമ്മിറ്റിയിൽ ഉയര്‍ന്നു. 75 സീറ്റിൽ സിപിഎമ്മും 17 സീറ്റിൽ സിപിഐയും മത്സരിക്കും. കൂടുതൽ സീറ്റ് സിപിഐ ചോദിച്ചെങ്കിലും സിപിഎം വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam