
തിരുവനന്തപുരം : ലൈംഗിക, നിർബന്ധിത ഗർഭഛിദ്രം ആരോപണങ്ങൾ നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടിയുടെയോ മുന്നണിയുടെയോ ഒരു സംരക്ഷണവും രാഹുലിനുണ്ടാകില്ലെന്ന് കെ.മുരളീധരൻ. രാഹുലിനെതിരായി നിലവിൽ സസ്പെൻഷൻ നടപടിയാണ് സ്വീകരിച്ചത്. ഇത് അന്തിമ നടപടിയല്ല. ഇപ്പോഴും ഒരു റിട്ടൺ പരാതി ആരും നൽകിയിട്ടില്ല. സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമെന്ന നിലയിലാണ് അതിന്റെ ഗൌരവം മനസിലാക്കിയാണ് ഇപ്പോഴത്തെ നടപടി. ഒന്നാം ഘട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചു. ഇത് രണ്ടാം ഘട്ട നടപടിയാണ്. ഇനിയും തെളിവുകൾ പുറത്തുവന്നാൽ മൂന്നാംഘട്ട നടപടിയുണ്ടാകും.
സസ്പെൻഷൻ സ്ഥിരം ഏർപ്പാടല്ല. കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലാണ് പുറത്തുവന്ന ഓഡിയോകളിൽ വിശദീകരണം നൽകേണ്ടത്. എംഎൽഎ സ്ഥാനത്ത് കടിച്ചു തൂങ്ങണമോ വേണ്ടയോ എന്ന് രാഹുൽ തീരുമാനിക്കണം.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉമ തോമസ് പറഞ്ഞത് സ്ത്രീകളുടെ വികാരമാണ്. അവർക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളിക്കളയുകയാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ കോൺഗ്രസ് നടപടി
ലൈംഗിക, ഗർഭഛിദ്ര ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കോൺഗ്രസ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഷൻ. എന്നാൽ എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണവും ഉണ്ടാകില്ല.
രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കം നേതാക്കളുയർത്തിയിരുന്നു. എന്നാൽ രാഹുൽ വഴങ്ങിയില്ല. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നുമുണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും അവധിയെടുക്കാൻ കോൺഗ്രസ് നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്. ഉപതെരഞ്ഞെടുപ്പ് ഭയന്നാണ് രാഹുലിന്റെ രാജിയിൽ നിന്നും കോൺഗ്രസ് പിന്നോട്ട് പോയതെന്നാണ് സൂചന.