'ബിന്ദു അമ്മിണി മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിന് വേണ്ടി': കെ ആര്‍ മീര

By Web TeamFirst Published Nov 27, 2019, 7:06 PM IST
Highlights

ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളകുപൊടി ആക്രമണത്തില്‍ പ്രതികരിച്ച് കെ ആര്‍ മീര.

തിരുവനന്തപുരം: സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ലെന്നും അതിക്രമികളുടെ സംഘബോധവും വര്‍ഗസ്നേഹവും എടുത്തു പറയേണ്ടതാണെന്നും എഴുത്തുകാരി കെ ആര്‍ മീര. നാലുവോട്ടെ നാലുപേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ച് നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നെന്നും കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു.

കെ ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വര്‍ഗ്ഗസ്നേഹവുമാണ്.

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല.

അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവര്‍ വാദിച്ചു കൊണ്ടിരിക്കും.

തുല്യനീതി എന്ന ആശയത്തില്‍നിന്നു ശ്രദ്ധതിരിക്കാന്‍ അവര്‍ ഇനിയും മുളകുപൊടി വിതറും.

മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിര്‍മയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കും.

ഈ സംഘബോധവും വര്‍ഗ്ഗസ്നേഹവും ഇരകള്‍ക്കും അതിജീവിതര്‍ക്കും ഇല്ല.

അത് ഉണ്ടാകും വരെ അതിക്രമികള്‍ സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടിരിക്കും.

നാലു വോട്ടോ നാലു പേരുടെ നല്ല സര്‍ട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കില്‍ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാല്‍ മതിയായിരുന്നു.

അവര്‍ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണ്.

ഞാന്‍ ബിന്ദുവിനോടൊപ്പമാണ്.

click me!