
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സില്‍വര്‍ ലൈന്‍ (silver line) പദ്ധതിയുടെ സാമൂഹിക ആഘാത പഠനവുമായി കെ റെയിൽ മുന്നോട്ട്. പഠനത്തിന്‍റെ ഭാഗമായി അലൈന്‍മെന്‍റിന്‍റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ റെയിൽ (k rail) അറിയിച്ചു. ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാതപഠനം നടത്തുന്നത്.
തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറ് ജില്ലകളിലാണ് ഇപ്പോള്‍ കല്ലിടുന്നത്. 11 ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ കല്ലിടല്‍ ആരംഭിക്കും. 1961ലെ കേരള സര്‍വ്വേ അതിരടയാളനിയമത്തിലെ 6 (1) വകുപ്പ് അനുസരിച്ച് സര്‍വ്വേ നടത്തുന്നതിന് മുന്നോടിയായാണ് കല്ലിടല്‍ പ്രവൃത്തി നടക്കുന്നത്. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 11 ജില്ലകളിലും ഇതുസംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷല്‍ തഹസീല്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കുടുതല്‍ കല്ലിടല്‍ പൂര്‍ത്തിയായത്. ഏഴ് വില്ലേജുകളിലായി 21.5 കിലോമീറ്റര്‍ നീളത്തില്‍ 536 കല്ലുകള്‍ ഇവിടെ സ്ഥാപിച്ചു. ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്നു, ഏഴോം, മാടായി വില്ലേജുകളിലാണ് കല്ലിടല്‍ പൂര്‍ത്തിയാത്. കുഞ്ഞിമംഗലം വില്ലേജില്‍ കല്ലിടല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ ആറ്റിപ്ര വില്ലേജ്, കൊല്ലം ജില്ലയിലെ പാരിപ്പള്ളി, കല്ലുവാതുക്കല്‍ വില്ലേജുകള്‍, എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്, തിരുവാങ്കുളം വില്ലേജുകളിലും അതിരടയാള കല്ലുകള്‍ സ്ഥാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ, തൃശ്ശൂര്‍, പൂങ്കുന്നം, കൂര്‍ക്കഞ്ചേരി വില്ലേജുകളില്‍ കല്ലിട്ടു. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വില്ലേജിലാണ് കല്ലിടല്‍ തുടങ്ങിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാതനിര്‍മിക്കുന്നത്. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കാസര്‍കോട്ട് നിന്ന് നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്താം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam