Asianet News MalayalamAsianet News Malayalam

K Rail| കെ റെയിൽ സിൽവർലൈൻ ജനവിരുദ്ധം,എതിർക്കും; മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമെന്നും സതീശൻ

പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും സതീശൻ

opposition leader vd satheesan against k rail silver line project
Author
Calicut, First Published Nov 16, 2021, 4:50 PM IST

കോഴിക്കോട്: കേരള റെയിൽ ഡവലപ്മെൻറ് കോർപറേഷൻ (കെ-റെയിൽ| K-Rail) നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി (Silverline Project) ജനവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ(V D Satheesan). പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളം വൻ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളത്. അതിനാൽ സിൽവർലൈൻ പദ്ധതിയെ എതിർക്കുക തന്നെ ചെയ്യുമെന്നും സതീശൻ പ്രഖ്യാപിച്ചു.

കോഴിക്കോട് യുഡിഎഫ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് കെ റെയിൽ പദ്ധതിയിലെ നിലപാട് അസന്നിഗ്ധമായി പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാർ വിഷയത്തിലും സതീശൻ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. മുല്ലപ്പെരിയാറിലെ മരംമുറി വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റ സമ്മതം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറിൽ സ‍ർക്കാർ ജന താൽപര്യങ്ങൾക്ക് എതിരാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ റെയിൽ സിൽവർലൈൻ സാമൂഹിക ആഘാത പഠനം അതിരടയാള കല്ലിടൽ പുരോഗമിക്കുന്നു

യുഡിഎഫ് ഉപേക്ഷിച്ച പദ്ധതി ആണ് സിൽവർ ലൈൻ എന്ന പേരിൽ എൽഡിഎഫ് പൊടി തട്ടി എടുക്കുന്നതെന്ന് യുഡിഎഫ് പ്രതിനിധി സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കാസർകോട് നിന്ന് 4 മണിക്കൂർ കൊണ്ട് തലസ്ഥാനം എത്തിയിട്ട് എന്താണ് കാര്യമെന്നും ആർക്കാണ് പ്രയോജനമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സർക്കാരിനെ തിരിച്ച് വിളിക്കാൻ ജനങ്ങൾക്ക് അധികാരം ഉണ്ടെങ്കിൽ ഇതിനകം അത് നടപ്പായെനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെ റെയില്‍ കേരളത്തിന്‍റെ ഭാവിയ്ക്ക് വേണ്ടിയുള്ള പ്രധാന പദ്ധതിയെന്ന് കണ്ട് പിന്തുണ നല്‍കണമെന്ന് പാര്‍ലമെന്‍റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പിമാരുടെ യോഗത്തില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) അഭ്യര്‍ത്ഥിച്ചിരുന്നു.

കെ റെയില്‍ പദ്ധതി; മുഴുവന്‍ കടബാധ്യതയും വഹിക്കാമെന്ന് സംസ്ഥാനം, തീരുമാനം കേന്ദ്രത്തെ അറിയിച്ചു

കെ റെയില്‍ സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതി : എംപിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി

മുഖ്യമന്ത്രി എം.പിമാരുടെ യോഗത്തില്‍ പറഞ്ഞത്

സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതല്‍ മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണം. വയനാട്, കോഴിക്കോട് അതിര്‍ത്തിയില്‍ ഒരു ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാല ആവശ്യം കേന്ദ്രം പരിഗണിക്കണം. നിലവിലുള്ള രണ്ട് റഡാറുകളും മുഴുവന്‍ സമയവും സംസ്ഥാനത്തിന് വിവരങ്ങള്‍ നല്‍കുന്ന രീതിയില്‍ സജ്ജീകരിക്കണം. ജില്ലാതലത്തില്‍ കാലാവസ്ഥാ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണം. 

'കെ റെയില്‍ വികസനത്തിന് അനിവാര്യം'; പ്രതിപക്ഷ നിലപാട് ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി

നാടിന്‍റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുന്ന തരത്തില്‍ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമേല്‍ തുടര്‍ച്ചയായ കടന്നുകയറ്റം ഉണ്ടാകുന്നു. സംസ്ഥാന താത്പര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നില്ല. രാജ്യത്തിന്‍റെ പൊതുവായ സാമ്പത്തികവിഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം പരിമിതപ്പെടുത്തുന്നു. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസ്സമുണ്ടാക്കുന്നു. ജനാധിപത്യവ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന സാഹചര്യമുണ്ടാവുന്നു. കേന്ദ്ര ഭരണകക്ഷി നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങള്‍ പോലും ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുകയാണ്.

ജി എസ് ടി കുടിശ്ശിക, വാക്സിനേഷന്‍ ഉത്തരവാദിത്വം എന്നിവ കേന്ദ്രം ഏറ്റെടുത്തത് നമ്മുടെ കൂട്ടായ ശ്രമഫലമായാണ്.  ഭക്ഷ്യധാന്യ പ്രശ്നം, റബ്ബര്‍ വിലസ്ഥിരത, തീരസംരക്ഷണം, പ്രവാസി പുനരധിവാസപ്രശ്നം എന്നിവയെല്ലാം കേന്ദ്രത്തിന് നേരിട്ട് ഉത്തരവാദിത്വമുള്ള വിഷയങ്ങളാണ്. ഇതിലൊക്കെ സംസ്ഥാന താത്പര്യം വേണ്ടവിധം പരിഗണിക്കുന്നില്ല.

വികസനപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകല്‍ വളരെ പ്രധാനമാണ്. ചില മേഖലകളില്‍ സഹകരണമുണ്ട്. അത് വ്യാപിപ്പിക്കാന്‍ എം.പിമാര്‍ ശ്രമിക്കണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലായ്ക്കു ശേഷവും തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളിലും ലഭിക്കണം. സാമൂഹികവും ഭൗതികവുമായ അടിസ്ഥാന സൗകര്യമേഖലകളിലൂന്നി മൂലധന ചിലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത സംസ്ഥാനം നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. വിദേശസഹായത്തോടെയുള്ള പദ്ധതികള്‍ക്കായുള്ള കടമെടുപ്പ് എഫ്.ആര്‍.ബി.എം. നിയമപ്രകാരം സംസ്ഥാനത്തിനു നിശ്ചയിച്ചിട്ടുള്ള വായ്പാപരിധിക്കു പുറത്ത് അനുവദിക്കണം. 

15-ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് സെക്ടറല്‍ സ്പെസിഫിക് ഗ്രാന്‍റായി 2,412 കോടി രൂപയും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്‍റായി 1,100 കോടി രൂപയും ശുപാര്‍ശ ചെയ്തിട്ടുണ്ട്. തുക ലഭ്യമാക്കാന്‍ ഇടപെടണം.ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ചിലവഴിക്കാനുള്ള നിബന്ധനകള്‍ പരമാവധി ഒഴിവാക്കി ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. 

നിര്‍ദ്ദിഷ്ട തുറമുഖ ബില്‍, വൈദ്യുതി ബില്‍ എന്നിവയില്‍ ആശങ്ക കേരളത്തിനുണ്ട്. സമാവര്‍ത്തി വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ഔപചാരിക കൂടിയാലോചന നടത്തണം. കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കണം. പ്രവാസികള്‍ക്ക് ലഭിക്കേണ്ട ശമ്പളകുടിശ്ശിക, സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. 

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കുള്ള ഭരണാനുമതി 2021 ഫെബ്രുവരി 11 ന് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ത്വരിതപ്പെടുത്താന്‍ എംപിമാര്‍ ശ്രമിക്കണം. ശബരി റെയില്‍പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇടപെടണം. കാഞ്ഞങ്ങാട് - കാണിയൂര്‍ റെയില്‍പാതയുടെ മൊത്തം ചിലവിന്‍റെ 50 ശതമാനം കേരളം വഹിക്കുമെന്ന് അറിയിച്ചതാണ്. പാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണം. കാക്കനാട് മെട്രോ റെയില്‍ എക്സ്റ്റന്‍ഷന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം കാത്തിരിക്കുകയാണ്. 

കോഴിക്കോട് വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ്, വലിയ വിമാനങ്ങള്‍ ഇറക്കല്‍ എന്നീ കാര്യങ്ങളില്‍ ഒന്നിച്ചു നീങ്ങണം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ അടിയന്തിരമായി അനുവദിക്കണം. ബേക്കല്‍ എയര്‍സ്ട്രിപ്പിനുള്ള അനുമതിയും തേടണം. 

തലസ്ഥാന നഗരിയുമായി ബന്ധപ്പെട്ട് പാരിപ്പള്ളി - വിഴിഞ്ഞം ഔട്ടര്‍ റിംഗ് റോഡിന് ഭാരത്മാല ഫെയ്സ് 1 ല്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി നേരത്തെ നല്‍കാന്‍ തയ്യാറായിരുന്ന 50 ശതമാനം ഓഹരി നല്‍കണം. 

കിനാനൂരില്‍ നിര്‍ദ്ദിഷ്ട എയിംസ് സ്ഥാപിക്കുന്നതിന് 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്. എയിംസിന് അനുമതി ലഭ്യമാക്കാന്‍ ഇടപെടണം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ പദ്ധതി നടപ്പാക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തണം. പ്രകൃതിദുരന്തം മൂലം തകര്‍ന്ന റോഡുകള്‍ക്ക് അനുവദിക്കുന്ന ധനസഹായം അപര്യാപ്തമാണ്. അതിനാല്‍  ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ എം.പി.മാർക്ക് പുറമെ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്തു.

കെ റെയിൽ പദ്ധതിക്ക് യുഡിഎഫ് ഉപസമിതിയുടെ റെഡ് സിഗ്നൽ; പദ്ധതി അപ്രായോ​ഗികമെന്ന് റിപ്പോർട്ട്

Follow Us:
Download App:
  • android
  • ios