K Rail : എതിർപ്പിന്‍റെ മുന്നിൽ വഴങ്ങില്ല; കെ റെയിലിൽ നിലപാടിലുറച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jan 6, 2022, 12:33 PM IST
Highlights

ഇപ്പോൾ ഇല്ലെങ്കിൽ എപ്പോൾ എന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം കുറക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു. 

കൊച്ചി: കെ റെയിൽ പദ്ധതി (K Rail Project) എംഎൽഎമാരുമായാണ് ആദ്യം ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi VIjayan). നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് പൗരപ്രമുഖരോട് സംവദിക്കുന്ന ജനസമക്ഷം പരിപാടിയിൽ പറ‌ഞ്ഞു. പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പശ്ചാത്തല സൗകര്യം മെച്ചപെട്ടില്ലെങ്കിൽ നാടിന്റെ പൊതു വികസനത്തെ തന്നെ അത് ബാധിക്കുമെന്ന വാദമാണ് മുഖ്യമന്ത്രി പിന്നെയും ഉയർത്തുന്നത്. എതിർപ്പുയർന്ന മുൻ പദ്ധതികൾ നടപ്പാക്കിയ ചരിത്രവും മുഖ്യമന്ത്രി വേദിയിൽ ആവർത്തിച്ചു. ദേശീയ പാത വികസനത്തിന് ഭൂമി നൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താനായി, ഗെയിൽ പദ്ധതി നടക്കില്ല എന്ന് കരുതി ഉപേക്ഷിച്ചതായിരുന്നു എന്നാൽ അത് പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം. മുഖ്യമന്ത്രി പറയുന്നു. 

നാടിനു ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല, എതിർപ്പിന്റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമ്മം. പിടിവാശി കാട്ടിയാൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം, ബജറ്റ് വിഹിതം കൊണ്ട്. വലിയ പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിശദീകരിച്ച മുഖ്യമന്ത്രി കിഫ്‌ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുവെന്നും ആവർത്തിച്ചു. 

കെ റെയിൽ മാത്രമല്ല സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതി. മറ്റുപദ്ധതികളുമുണ്ട്, കെ റെയിൽ ആണ് പ്രധാനപ്പെട്ടത്. സിൽവർ ലൈനുമായി ബന്ധപെട്ട് നിയമ സഭയിൽ ചർച്ച ഉണ്ടായില്ലെന്ന് മാധ്യമങ്ങൾ പറയുന്നു, പക്ഷെ ആദ്യം ചർച്ച ചെയ്തത് എംഎൽഎമാരുമായിട്ടാണ്. പ്രധാനപ്പെട്ട കക്ഷി നേതാക്കൾ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണ്. പല ഘട്ടങ്ങളിലും മറുപടി സർക്കാർ പറഞ്ഞിട്ടുണ്ട് ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം കഴിഞ്ഞ നിയമസഭാ കാലയളവിൽ നടന്ന കാര്യങ്ങളാണ്. ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

പദ്ധതി നാടിനു ആവശ്യമാണ് നാടിന്റെ വികസനത്തിൽ താത്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇപ്പോൾ ഇല്ലെങ്കിൽ എപ്പോൾ എന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം കുറക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു. 

നഷ്ടപരിഹാരത്തിന്  13265 കൊടി രൂപയാണ് വേണ്ടി വരിക. സാമൂഹ്യ ആഘാത പഠനത്തിന് അതിർത്തികളിൽ കല്ലിടണം, ആ നടപടി പുരോഗമിക്കുന്നു. സാമൂഹ്യ ആഘാതം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ലെന്നും  പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാകില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിലെ ചർച്ചയിൽ പറഞ്ഞു. പദ്ധതി പ്രളയത്തിന് കാരണമാകുമെന്നതും തെറ്റായ പ്രചാരണമാണെന്നാണ് വാദം. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നതും തെറ്റായ പ്രചാരണമാണ്. റെയിൽ പാത ഇരട്ടിപ്പിക്കലുകൊണ്ടു കാര്യമായ പ്രയോജനമില്ലെന്നും പിണറായി പറയുന്നു. 

കുറഞ്ഞ പലിശയ്ക്ക് പദ്ധതിക്കായി വായ്പ സ്വീകരിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി ഇതിനായി രാജ്യാന്തര ഏജൻസികളുമായി സഹകരിക്കുമെന്നും അറിയിച്ചു. ബാക്കി പണം കേന്ദ്ര സംസ്ഥാന വിഹിതത്തിൽ വരും. രണ്ടു കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണം. ബാക്കി 3 വർഷം നിർമാണത്തിന്. പദ്ധതി വൈകിയാൽ ചിലവ് കൂടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നു. വേഗത്തിൽ തീർക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണ സമത്ത് അമ്പതിനായിരം തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 

click me!