ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് പിന്നാലെ നടപടി; കെ ശിവദാസന്‍ നായരെയും കെ പി അനിൽകുമാറിനെയും സസ്പെന്റ് ചെയ്തു

By Web TeamFirst Published Aug 28, 2021, 10:23 PM IST
Highlights

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.
 

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺ​ഗ്രസിൽ നേതാക്കൾക്ക് നേരെ അച്ചടക്ക നടപടി. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

ഏഷ്യാനെറ് ന്യൂസ്‌ അവറിൽ രൂക്ഷവിമർശനമാണ് ഇരുനേതാക്കളും നടത്തിയത്. വി ഡി സതീശനും കെ സുധാകരനുമെതിരെ രൂക്ഷവിമർശനമാണ് കെ പി അനിൽ കുമാർ നടത്തിയത്.  പുറത്തുവന്ന പട്ടികയിലെ 14 പേരും ​​ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺ​ഗ്രസിൻ‌റെ ഭാവി ഇല്ലാതാകുമെന്നും അനിൽകുമാർ പറഞ്ഞു. പുതിയ പട്ടിക കോൺ​ഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ​ഗ്രൂപ്പ് പരി​ഗണിക്കില്ല എന്നാണ് സതീഷനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ​ഗ്രൂപ്പുകാരാണ്. ​ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ ഒരു മാനദണ്ഡം വേണ്ടേ. ഇത് ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ്. കെ പി അനിൽ കുമാർ പറഞ്ഞു.

കെ പി അനിൽ കുമാറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന പ്രതികരണമാണ് കെ ശിവദാസന്‍ നായരും നടത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും നാല് വർക്കിം​ഗ് പ്രസിഡന്റുമാരുടെയും ഇഷ്ടക്കാരെ വെക്കുക എന്ന ഒറ്റ ഫോർമുല വച്ചുകൊണ്ട് കേരളത്തിലെ കോൺ​ഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമല്ല എന്നാണ് കെ ശിവദാസൻ നായർ അഭിപ്രായപ്പെട്ടത്. 

താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു അച്ചടക്കനടപടിയെക്കുറിച്ച് ശിവദാസന്‍നായരുടെ പ്രതികരണം. എന്നാല്‍ കെപി അനില്‍കുമാര്‍ നടപടിയില്‍ ക്ഷുഭിതനാണ്. അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് പെട്ടെന്നുള്ള നടപടിയിലൂടെ കെപിസിസി നേതൃത്വം ലക്ഷ്യം വെക്കുന്നത്.  അതോടൊപ്പം പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്ത് വരാന്‍ സാധ്യതയുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ  നടപടി.എന്നാല്‍ നടപടിയെക്കുറിച്ച് ഓര്‍ക്കാതെ പരസ്യമായി പലരും പട്ടികയ്ക്കെതിരെ രംഗത്തിറങ്ങുമെന്ന് തന്നെയാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളുടെയും കണക്കുകൂട്ടല്‍. 

Read Also: ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു; മൂന്നിടത്ത് അവസാനഘട്ടത്തിൽ പേരുമാറ്റം; സാമുദായിക പ്രാതിനിധ്യം പരി​ഗണിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

click me!