ശിവശങ്കർ നിരപരാധിയെന്ന് വിശ്വാസം, ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പ്രിൻസിപ്പൽ സെക്രട്ടറി വേണു

Published : Feb 03, 2021, 05:24 PM ISTUpdated : Feb 03, 2021, 05:28 PM IST
ശിവശങ്കർ നിരപരാധിയെന്ന് വിശ്വാസം, ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പ്രിൻസിപ്പൽ സെക്രട്ടറി വേണു

Synopsis

കഥകൾ കെട്ടിച്ചമച്ച്, ശിവശങ്കറിനെ വേട്ടയാടിയ ഭൂരിഭാഗം മാധ്യമങ്ങളുടെയും പെരുമാറ്റം മാപ്പുനൽകാനാവാത്ത നിലയിലായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചുമത്തിയ കേസുകളിൽ എം ശിവശങ്കറിന് ജാമ്യം ലഭിച്ചതിൽ തനിക്കുള്ള സന്തോഷം വാക്കുകളിൽ വിശദീകരിക്കാനാവാത്തതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വേണു വാസുദേവൻ. ശിവശങ്കർ നിരപരാധിയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കേസുകൾ തള്ളിപ്പോകുമെന്നാണ് കരുതുന്നത്. കഥകൾ കെട്ടിച്ചമച്ച്, ശിവശങ്കറിനെ വേട്ടയാടിയ ഭൂരിഭാഗം മാധ്യമങ്ങളുടെയും പെരുമാറ്റം മാപ്പുനൽകാനാവാത്ത നിലയിലായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുൻ  പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വേണു വാസുദേവന്റെ ഫെയ്സ്ബുക് കുറിപ്പ്. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസിൽ കൂടി ജാമ്യം കിട്ടിയതോടെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അദ്ദേഹം എറണാകുളം ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

സ്വർണക്കടത്ത്  കേസിലെ അതേ ജാമ്യവ്യവസ്ഥകൾ എന്ന് കോടതി പറഞ്ഞു.  2 ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവും പ്രകാരമാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങാനായത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നും നിബന്ധനയുണ്ട്. ഡോളർ കടത്തുമായി യാതൊരു പങ്കില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശം ഉള്ളതെന്നും ശിവശങ്കര്‍ കോടതിയിൽ വാദിച്ചു. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്.

ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്. ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാനായിരുന്നില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി