Sudhakaran Against Tharoor : തരൂരിൽ പാളം തെറ്റി കെ റെയിൽ പ്രതിഷേധം; നിലപാട് പാർട്ടി അന്വേഷിക്കുമെന്ന് സുധാകരൻ

Web Desk   | Asianet News
Published : Dec 17, 2021, 06:26 PM IST
Sudhakaran Against Tharoor : തരൂരിൽ പാളം തെറ്റി കെ റെയിൽ പ്രതിഷേധം; നിലപാട് പാർട്ടി അന്വേഷിക്കുമെന്ന് സുധാകരൻ

Synopsis

ശശി തരൂരിനോട് വിശദീകരണം ചോദിക്കാതെ പ്രതികരിക്കുന്നത് ഉചിതമല്ല. ഈ വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യും. ശശി തരൂരിന്‍റെ നിലപാട് തെറ്റാണെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടും

തിരുവനന്തപുരം: കെ റെയിൽ സിൽവ‍ർ ലൈൻ പ്രോജക്ടിനെതിരെ അതിശക്തമായ പോരാട്ടം പ്രഖ്യാപിച്ച് കോൺ​ഗ്രസും യുഡിഎഫും മുന്നോട്ട് പോകുമ്പോൾ പാർട്ടിയിൽ കല്ലുകടിയാകുകയാണ് മുതിർന്ന നേതാവ് ശശി തരൂരിന്‍റെ (Shashi Tharoor) നിലപാട്. കേരളത്തെ വ്യവസായ സൗഹൃദമാക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെന്ന അഭിനന്ദനം പിണറായി വിജയന് (Pinarayi Vijayan) നൽകിയ തരൂർ, കെ റെയിൽ പ്രോജക്ടിനെ ഇതുവരെയും പരസ്യമായി എതിർത്തിട്ടില്ല. മാത്രമല്ല സിൽവർ ലൈൻ പദ്ധതിക്കെതിരെ എടുത്ത് ചാടിയുള്ള പ്രതിഷേധത്തിന്‍റെ ആവശ്യമില്ലെന്നും തരൂർ പറഞ്ഞിരുന്നു. വ്യക്തിപരമായ നിലപാടാണ് ഇക്കാര്യത്തിലെന്ന് പറഞ്ഞ തരൂർ കൂടുതൽ പഠനങ്ങളും ചർച്ചകളും വേണമെന്നും സിൽവർ ലൈൻ പദ്ധതിക്ക് രണ്ട് വശമുണ്ടെന്നും കൂട്ടിച്ചേർത്തിരുന്നു. തരൂരിന്‍റെ പരസ്യ നിലപാടുകളിൽ സംസ്ഥാന കോൺഗ്രസിനുള്ളിലെ പ്രതിഷേധങ്ങളും കനക്കുകയാണ്. രാവിലെ മുല്ലപ്പള്ളി രാമചന്ദ്രൻ (Mullappally Ramachandran) അതിരൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ തരൂരിന്‍റെ നിലപാട് പാർട്ടി അന്വേഷിക്കുമെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ( K Sudhakaran) പ്രതികരണം നടത്തി.

കെ റെയിലുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ നിലപാട് സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കും. അദ്ദേഹത്തോട് വിശദീകരണം ചോദിക്കാതെ പ്രതികരിക്കുന്നത് ഉചിതമല്ല. ഈ വിഷയം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യും. ശശി തരൂരിന്‍റെ നിലപാട് തെറ്റാണെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടും. അത് ശശി തരൂര്‍ ഉള്‍ക്കൊള്ളുമെന്നാണ് വിശ്വാസമെന്നും കെ സുധാകരൻ വിവരിച്ചു. പാര്‍ട്ടിയെ അംഗീകരിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍. ഒരു പ്രസ്താവനയിലൂടെ വിലയിരുത്തപ്പെടേണ്ട ആളല്ല അദ്ദേഹം. കെ റെയിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും വ്യക്തമായ നിലപാടുണ്ട്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഗുണകരവും ശരിയുമല്ലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ പരസ്യമായി പ്രശംസിച്ച് ശശി തരൂർ എംപി

നേരത്തെ മുല്ലപ്പള്ളി തരൂരിനെതിരെ അതിരൂക്ഷമായാണ് പ്രതികരിച്ചത്. എത്ര പ്രഗൽഭനായാലും കോൺ​ഗ്രസിന് വിധേയമായി പ്രവ‍ർത്തിക്കണമെന്നും അദ്ദേഹത്തെ ഹൈക്കമാൻഡ് അച്ചടക്കം പഠിപ്പിക്കണമെന്നും അല്ലാതെ അദ്ദേഹവുമായി മുന്നോട്ട് പോകാനാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കോൺ​ഗ്രസും യുഡിഎഫും കെ റെയിലിനെതിരെ നിലപാട് എടുക്കുമ്പോൾ ഞാൻ ഇതിനെക്കുറിച്ച് പഠിക്കട്ടെ എന്നു പറഞ്ഞാൽ എങ്ങനെയാണ്. സ‍ർക്കാരിനെ സഹായിക്കാനുള്ള ​ഗൂഢനീക്കമായി മാത്രമേ ഇതിനെ കാണാനാവൂ എന്നും മുല്ലപ്പള്ളിവിമ‍ർശിച്ചിരുന്നു.

തരൂരിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി, അച്ചടക്കം അറിയില്ലെങ്കിൽ പഠിപ്പിക്കണം

അതിനിടെ ശശി തരൂരിനെ പൂ‍ർണമായും വിമർശിക്കാതെയായിരുന്നു രമേശ് ചെന്നിത്തല രംഗത്തെത്തിയത്. എല്ലാ കാര്യത്തിലും സ്വന്തമായി കാഴ്ചപ്പാടും നിലപാടുമുള്ളയാളാണ് ശശി തരൂരെന്നും എന്നാൽ അദ്ദേഹം എപ്പോഴും പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രവർത്തിച്ചിട്ടുള്ളതെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സ്വന്തം അഭിപ്രായം പറഞ്ഞാലും തരൂർ പാർട്ടി ചട്ടക്കൂട്ടിലുള്ളയാളെന്ന് ചെന്നിത്തല

അതേസമയം കെ റെയിലിനെ പിന്തുണയ്ക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്ത ശശി തരൂരിനെ അഭിനന്ദിച്ച് വ്യവസായമന്ത്രി പി രാജീവ് രംഗത്തെത്തി. കേന്ദ്രമന്ത്രിമാ‍ർ പോലും കേരളത്തിന്‍റെ പ്രവ‍ർത്തനങ്ങളെ മികച്ച രീതിയിലാണ് കാണുന്നതെന്നും ശശി തരൂരിന്‍റെ നിലപാട് നാടിന് ​ഗുണകരമാണെന്നുമാണ് പി രാജീവ് പറഞ്ഞത്.

തരൂരിൻ്റെ നിലപാട് നാടിന് ഗുണകരം, പിന്തുണയുമായി പി.രാജീവ്

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം