പാർട്ടി അച്ചടക്കം ഉയർത്തി പിടിക്കണമെന്ന തത്ത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ ഹൈക്കമാൻഡ് അതു അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുക്കണം

മലപ്പുറം: തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺ​ഗ്രസ് ഹൈക്കമാൻഡ് തരൂരിനെ പാ‍ർട്ടി അച്ചടക്കം പഠിപ്പിക്കണം, അല്ലാതെ അദ്ദേഹവുമായി മുന്നോട്ട് പോകാനാവില്ല. കോൺ​ഗ്രസും യുഡിഎഫും കെ-റെയിലിനെതിരെ നിലപാട് എടുക്കുമ്പോൾ ഞാൻ ഇതിനെക്കുറിച്ച് പഠിക്കട്ടെ എന്നു പറഞ്ഞാൽ എങ്ങനെയാണ്. സ‍ർക്കാരിനെ സഹായിക്കാനുള്ള ​ഗൂഢനീക്കമായി മാത്രമേ ഇതിനെ കാണാനാവൂ എന്നും മുല്ലപ്പള്ളി പറഞ്ഞു. 

മുല്ലപ്പള്ളിയുടെ വാക്കുകൾ - 

അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും പ്രാസംഗികനുമായിരിക്കാം എന്നാൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൻ്റെ അടിസ്ഥാനപരമായ തത്ത്വങ്ങളും പാ‍ർട്ടി അച്ചടക്കവും അദ്ദേഹം പഠിക്കേണ്ടതുണ്ട്. അല്ലാതെ മുന്നോട്ട് പോകാനാവില്ല. കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച എംപിയാണെങ്കിലും അദ്ദേഹം അടിസ്ഥാനപരമായി കോൺ​ഗ്രസുകാരനാണ് ഭൂരിപക്ഷം എംപിമാരും കെ റെയിലിനെതിരെ നിലപാട് എടുക്കുമ്പോൾ ഞാൻ ഇതിനെക്കുറിച്ച് പഠിക്കട്ടേ എന്നു പറഞ്ഞാൽ.... നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും കെറെയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. 

സ‍ർക്കാരിനെ സഹായിക്കാൻ അദ്ദേഹം നടത്തുന്ന ​ഗൂഢനീക്കമായി മാത്രമേ ഇതിനെ കാണാനാവൂ. പാ‍ർട്ടിയെ പല സന്ദ‍ർഭങ്ങളിലും പ്രതിക്കൂട്ടിൽ നിർത്തുന്ന സന്ദർഭമുണ്ടായിട്ടുണ്ട്. അടിയന്തരമായി ഹൈക്കമാൻഡ് ഈ വിഷയത്തിൽ ഇടപെടണം ഈ എംപി സ്വതന്ത്രനായി ഇങ്ങനെ ഇനിയും ഇങ്ങനെ പോകാമോ, പാർട്ടി അച്ചടക്കം ഉയർത്തി പിടിക്കണമെന്ന തത്ത്വം അദ്ദേഹത്തിന് അറിയില്ലെങ്കിൽ ഹൈക്കമാൻഡ് അതു അദ്ദേഹത്തിന് പഠിപ്പിച്ചു കൊടുക്കണം. കഴിഞ്ഞ തവണ തരൂരിനെ ജയിപ്പിക്കാൻ താനടക്കം ഒരുപാട് പേർ ഉറക്കമൊഴിച്ചു പ്രവർത്തിച്ചതാണ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്ത നീക്കത്തേയും അനുകൂലിച്ചയാളാണ് തരൂർ. 

കോൺ​ഗ്രസിൻ്റെ നിലവിലെ നേതൃത്വം തരൂരിൻ്റെ സ്വതന്ത്രനിലപാടുകളോട് മൃദുനയമാണ് സ്വീകരിക്കുന്നത്. അതിനിടയിലാണ് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കടുത്ത പരാമർശങ്ങളുമായി ശശി തരൂർ മുന്നോട്ട് എത്തിയത്. മൃദുസമീപനം വിട്ട് തരൂരിനെ അച്ചടക്കം പഠിപ്പിക്കണമെന്ന് പറഞ്ഞ് തരൂരിനൊപ്പം നേതൃത്വത്തേയും മുല്ലപ്പള്ളി വിമർശിക്കുകയാണ്. ഇന്നലെ ലുലു മാളിൽ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയ ശശി തരൂർ ഇന്ന് രാവിലെ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രം കൂടി പങ്കുവച്ചിരുന്നു. തരൂരിൻ്റെ നിലപാടുകളിൽ പാർട്ടിക്കുള്ളിൽ ഉള്ള അമർഷം കൂടിയാണ് മുല്ലപ്പള്ളിയുടെ വാക്കുകളിൽ തെളിയുന്നത്. കെപിസിസി നിർവാഹക സമിതിയോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോ​ഗത്തിൽ തരൂരിൻ്റെ നിലപാടുകളും ചർച്ചയാവും.

തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളിലും നേരത്തെ തരൂർ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. എൽഡിഎഫും യുഡിഎഫും ഒരേ പോലെ അദാനി തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനെ എതിർത്തപ്പോൾ അതിനെ സ്വാ​ഗതം ചെയ്യുകയും ന്യായീകരിക്കുകയും ചെയ്യുകയാണ് തരൂർ ചെയ്തത്. അതേസമയം നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ പോലും ക‍ർശനമായി നിരീക്ഷിക്കുകയും തിരുത്തുകയും അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യുന്ന കെപിസിസിയുടെ പുതിയ നേതൃത്വം തരൂരിനെതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇനി കാണേണ്ടത്.