തുടര്‍ഭരണ സാധ്യത തള്ളാതെയുള്ള പ്രതികരണത്തിൽ വിശദീകരണവുമായി സുധാകരൻ; 'വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, ആധിപത്യം തുടരുക തന്നെ ചെയ്യും'

Published : Mar 21, 2026, 08:18 AM IST
Pinarayi Vijayan - K Sudhakaran

Synopsis

മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ, പിണറായി 3.0 ഉണ്ടാകാൻ സാധ്യതയുണ്ടെന്ന തന്റെ പ്രസ്താവനയിൽ വിശദീകരണവുമായി രംഗത്തെത്തി. ഒരു അഭിമുഖത്തിലെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും, യുഡിഎഫ് പ്രവർത്തകർ അമിത ആത്മവിശ്വാസം കാണിക്കാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കണ്ണൂര്‍: തുടര്‍ഭരണ സാധ്യത തള്ളാതെയുള്ള തന്‍റെ പ്രതികരണത്തിൽ വിശദീകരണവുമായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. മീഡിയയിൽ നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ, യഥാർത്ഥ അർത്ഥത്തിൽ നിന്ന് തെറ്റായി വ്യാഖ്യാനിച്ച് സെൻസേഷണല്‍ വാർത്തകൾ സൃഷ്ടിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണെന്നാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. സത്യത്തെ മറച്ചുവെച്ച്, വാക്കുകൾ വളച്ചൊടിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണം. ഒരു വാക്കിന്‍റെ അർത്ഥം പോലും മാറ്റി, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരൻ അഭിമുഖത്തിൽ പറഞ്ഞത്

പിണറായി 3.0 ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് സുധാകരൻ പറഞ്ഞത്. ഉണ്ടാകിലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലേ എന്ന് ചോദ്യം തുടരുമ്പോൾ ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് സുധാകരൻ വ്യക്തമാക്കി. കാരണം ചോദിച്ചപ്പോൾ അങ്ങനെ പറയാൻ കഴിയണമെങ്കിൽ കൈയിൽ അത്രയും ഉറപ്പ് വേണമെന്നും അത്രയും ഉറപ്പ് തന്‍റെ കൈയിൽ ഇല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആ ഉറപ്പ് യുഡിഎഫിന് ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ യുഡിഎഫിന് ഉണ്ടാകാം, തനിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ട യുഡിഎഫ് പ്രവർത്തകരേ,

പിണറായി ഭരണം പൊറുതിമുട്ടിച്ച ജനങ്ങൾക്കു മുന്നിൽ, ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഒരു നിർണായക അവസരമാണ്.പത്ത് വർഷത്തെ ഇടത് ഭരണം കൊണ്ട് പൊറുതി മുട്ടിയ ജനം ഇക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഐതിഹാസികമായ വിജയമാണ് സമ്മാനിച്ചത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നാം ഈ ആധിപത്യം തുടരുക തന്നെ ചെയ്യും. കാരണം കഴിഞ്ഞ പത്തുവർഷം ശബരിമല കൊള്ളയും, അഴിമതിയും, സ്വജന പക്ഷപാതവും, ധൂർത്തും, വിലക്കയറ്റവും, പിൻവാതിൽ നിയമനവും, പ്രതിപക്ഷ പാർട്ടി പ്രവർത്തകരെയും നേതാക്കൻമാരെയും പോലീസിനെ ഉപയോഗിച്ച് വേട്ടയാടൽ.... ചുരുക്കത്തിൽ കേരളത്തിന് അപമാനകരമായ ഒരു ഭരണമായിരുന്നു പിണറായി ഭരണം.

എന്നാൽ ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുവാൻ പോവുകയാണ്.

മീഡിയയിൽ നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകൾ, യഥാർത്ഥ അർത്ഥത്തിൽ നിന്ന് തെറ്റായി വ്യാഖ്യാനിച്ച് സെൻസേഷണല്‍ വാർത്തകൾ സൃഷ്ടിക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. സത്യത്തെ മറച്ചുവെച്ച്, വാക്കുകൾ വളച്ചൊടിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നമ്മൾ ജാഗ്രത പുലർത്തണം.

ഒരു വാക്കിന്റെ അർത്ഥം പോലും മാറ്റി, രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും തന്നെ ഭീഷണിയാണ്.

ഈ വേളയിൽ എനിക്കെന്റെ  യു ഡി എഫ് പ്രവർത്തകരോട് പറയാനുള്ളത് അമിത ആത്മവിശ്വാസത്തിൽ അകപ്പെട്ട് നാം നമ്മുടെ പ്രവർത്തനത്തിൽ യാതൊരു തരത്തിലുള്ള അലസതയും പാടില്ല. പോയകാലങ്ങൾ നമുക്ക് അതൊരു പാഠമാണ്. നമ്മൾ എല്ലാവരും ഒന്നിച്ച് മുന്നോട്ട് വരേണ്ട സമയമാണിത്.

പ്രവർത്തകർ ഓരോരുത്തരും ഒരു നിമിഷം പോലും മുടങ്ങാതെ പ്രവർത്തിക്കണം. ഓരോ വീടുകളിലേക്കും എത്തി, ജനങ്ങളുമായി സംവദിച്ച്, അവരുടെ വിശ്വാസം നേടണം. ഒരാളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകാൻ പാടില്ല.

യു .ഡി .എഫ് പ്രവർത്തകർക്കും, ജനാധിപത്യ വിശ്വാസികൾക്കും ഇതൊരു സാധാരണ തിരഞ്ഞെടുപ്പ് മാത്രമല്ല — ഒരു നിർണായക പരീക്ഷണമാണ്. ആത്മവിശ്വാസത്തോടെയും ഐക്യത്തോടെയും മുന്നോട്ട് നീങ്ങിയാൽ വിജയം നമ്മുടെതായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മേയർ വിവി രാജേഷ്; പരിഹാരമാകാതെ വന്നതോടെ ജനം തെരുവിൽ; വാട്ടർ അതോറിറ്റിക്ക് മുന്നിൽ പ്രതിഷേധം
'സിഎം വിളിച്ചിട്ടില്ല'; മൂന്ന് തവണ വിളിച്ചെന്ന പിണറായി വിജയൻ്റെ അവകാശവാദം തള്ളി ജി സുധാകരൻ