അധികാരത്തിന്‍റെ പുറകെ പോകാതെ 5 വര്‍ഷം പ്രവര്‍ത്തിക്കുമോ?; കോൺഗ്രസിനെ വീണ്ടെടുക്കാൻ കെ സുധാകരൻ

By Web TeamFirst Published Jun 16, 2021, 12:52 PM IST
Highlights

ബിജെപിക്കാരെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല. വോട്ടുവാങ്ങാൻ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ പിണറായി വിമർശിക്കാൻ വളര്‍ന്നിട്ടില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം അക്ഷീണം പ്രവർത്തിച്ചാലെ കേരളത്തിലെ കോൺഗ്രസിന് കരുത്തോടെ തിരിച്ച് വരവ് സാധ്യമാകൂ എന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച് കെ സുധാകരൻ. കെപിസിസി ആസ്ഥാനത്ത് നടന്ന ആവേശകരമായ ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ആയിരുന്നു കെ സുധാകരന്റെ പ്രസംഗം. അധികാരത്തിന് പുറകെ പോകാതെ അഞ്ച് വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ തയ്യാറുണ്ടോ? അങ്ങനെ എങ്കിൽ കോൺഗ്രസ് കരുത്ത് വീണ്ടെടുക്കുമെന്ന ഉറപ്പ് നൽകാൻ തയ്യാറാണെന്നും കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരൻ പറഞ്ഞു. 

പുതിയ നേതൃത്വത്തിന് മുന്നിൽ ഒരുപാട് പദ്ധതികളുണ്ട്. കരുത്തോടെ മുന്നോട്ട് പോകണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ കരുത്ത് വീണ്ടെടുക്കുമെന്ന പ്രതിജ്ഞ ചെയ്യണം. അതിന് എല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനം ആണ് കെ സുധാകരൻ നേതാക്കൾക്കും അണികൾക്കും മുന്നിൽ അവതരിപ്പിച്ചത്. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിക്കണം. എല്ലാവര്‍ക്കും അധികാരത്തിലെത്താൻ ആഗ്രഹം ഉണ്ടാകും. പക്ഷെ പാർട്ടിയാണ് വലുതെന്ന് കരുതിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോൾ ആവശ്യം. അതിന് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.  

കോൺഗ്രസിനെ സിപിഎമ്മിന് ഭയം ആണ്. കോൺഗ്രസ് അതിശക്തമായി തിരിച്ച് വരുമെന്ന ഭീതിയും സിപിഎമ്മിനുണ്ട്. ബിജെപിക്കാരെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല. വോട്ടുവാങ്ങാൻ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ പിണറായി വിമർശിക്കാൻ മാത്രം വളര്‍ന്നിട്ടില്ലെന്നും കെ സുധാകരൻ കെപിസിസിയിൽ പറഞ്ഞു. 

പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കാൻ ഉള്ള മനസുമായി വേണം ഇന്ന് കെപിസിസിയിൽ നിന്ന് എല്ലാവരും ഇറങ്ങിപ്പോകാൻ. എല്ലാവരും അതിന് ഒറ്റക്കെട്ടായി നിൽക്കണം. പ്രവര്‍ത്തന രാഹിത്യം കൊണ്ടോ തെറ്റായ പ്രവര്‍ത്തനം കൊണ്ടോ കോൺഗ്രസിന്റെ ഒരു ചിറകിന് പോലും ഒന്നും പറ്റില്ലെന്ന് പ്രസിഡന്റ് എന്ന നിലയിൽ ഉറപ്പ് നൽകുന്നു. അധികാരത്തിന് പുറകെ പോകാത്ത മനസുമായുള്ള പ്രവര്‍ത്തനം മാത്രമാണ് തിരിച്ച് ചോദിക്കുന്നത്. കോൺഗ്രസ് ശക്തമായി തിരിച്ച് വരുമെന്ന് ഉറപ്പുണ്ട്. അതിന് എല്ലാവരും സഹകരിക്കണം ഒപ്പം നിൽക്കണം എന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. 

സോണിയാ ഗാന്ധി അടക്കം എല്ലാ ഹൈക്കമാന്‍റ് നേതാക്കളും അർപ്പിച്ച വിശ്വാസം അതേ പടി തിരിച്ച് നൽകും. നന്ദിയും കടപ്പാടും ഉണ്ടാകും. 

click me!