
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി കെ.സുധാകരന്‍ ചുമതലയേറ്റെടുത്തു. മുതിർന്ന നേതാക്കളുടേയും എഐസിസി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരൻ ചുമതലയേറ്റെടുത്തത്. സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് സാക്ഷിയാവാൻ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയത്.
ഇന്ന് രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയ സുധാകരൻ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചനയും നടത്തി. ശേഷം ശാസ്തമംഗലത്തെ കെപിസിസി ആസ്ഥാനത്ത് എത്തിയ സുധാകരന് സേവാദൾ വോളന്‍റിയർമാര്‍ ഗാർഡ് ഓഫ് ഓണര്‍ നൽകി. കെപിസിസി ഓഫീസിലെത്തിയ സുധാകരനെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചേർന്ന് സ്വീകരിച്ചു.
മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇതിനിടെ ഇന്ദിരാഭവനിലെത്തി. കെസി ജോസഫ്, എംഎം ഹസ്സൻ, കെ.ബാബു, കെപി അനിൽ കുമാർ, റിജിൽ മാക്കുറ്റി, വിഎസ് ശിവകുമാർ, എന്നിവർ കെപിസിസിയിലെത്തിയിരുന്നു. എഐസിസി പ്രതിനിധികളായ അൻവർ താരീഖ് അടക്കമുള്ള നേതാക്കളും സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. സുധാകരനൊപ്പം കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായി ടി.സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരും ചുമതലയേറ്റു. സ്ഥാനമേറ്റെടുത്ത പുതിയ കെപിസിസി അധ്യക്ഷനും സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam