കെ റെയിലിൽ പരിഷത്തിന്‍റെ റിപ്പോർട്ട് ആയുധമാക്കി സുധാകരൻ; 'സിപിഎമ്മിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു'

By Web TeamFirst Published May 30, 2023, 5:10 PM IST
Highlights

. പദ്ധതി നടപ്പാക്കിയാല്‍ കിട്ടുന്ന ശതകോടികളുടെ വെട്ടുമേനി സ്വപ്‌നം കണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു

തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പഠന റിപ്പോര്‍ട്ട് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനുമെതിരെ വിമർശനവുമായി കെ സുധാകരൻ രംഗത്ത്. കെ റെയിലിനെതിരെ രൂക്ഷവിമര്‍ശനമുള്ള പഠന റിപ്പോര്‍ട്ടുമായി സി പി എമ്മിന്റെ സന്തതസഹചാരിയായ ശാസ്ത്ര സാഹിത്യ പരിഷത്ത് തന്നെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും കെ റെയിൽ പദ്ധതിയെ തള്ളിപ്പറയാന്‍ സി പി എം തയാറാകണമെന്ന് കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കിയാല്‍ കിട്ടുന്ന ശതകോടികളുടെ വെട്ടുമേനി സ്വപ്‌നം കണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും അത്യാഗ്രഹത്തിന് ഈ നാടിനെ വിട്ടുകൊടുക്കാന്‍ മനസില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ പദ്ധതിക്ക് പരിഷത്തിന്‍റെ റെഡ് സിഗ്നൽ, വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്; 'വെള്ളപ്പൊക്കം രൂക്ഷമാകും'

സുധാകരന്‍റെ വാക്കുകൾ

സിപിഎമ്മിന്റെ സന്തതസഹചാരിയായ ശാസ്ത്ര സാഹിത്യ പരിഷത്ത് കെ റെയില്‍ പദ്ധതിക്കെതിരേ രൂക്ഷവിമര്‍ശനമുള്ള പഠന റിപ്പോര്‍ട്ടുമായി  രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഇനിയെങ്കിലും അതിനെ തള്ളിപ്പറയാന്‍ സിപിഎം തയാറാകണം. കെ റെയില്‍ പദ്ധതിക്കെതിരേ കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും ജനങ്ങളും ഒന്നടങ്കം രംഗത്തുവന്നതിനു പിന്നാലെയാണ് ശാസ്ത്രസാഹിത്യ പരിഷത്തും വന്നത്. എന്നാലും പദ്ധതി നടപ്പാക്കിയേ തീരൂ എന്ന പിടിവാശിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത് പദ്ധതി നടപ്പാക്കിയാല്‍ കിട്ടുന്ന ശതകോടികളുടെ വെട്ടുമേനി സ്വപ്‌നം കണ്ടാണ്. ഒരു രാജ്യസഭാ എം പിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള ഡസന്‍ കണക്കിന് സഖാക്കള്‍ ഇപ്പോള്‍ വെറുതെയിരിക്കുന്ന കെ റെയിലിനെ നികുതിപ്പണം ഉപയോഗിച്ച് നിലനിര്‍ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും അത്യാഗ്രഹത്തിന് ഈ നാടിനെ വിട്ടുകൊടുക്കാന്‍ മനസില്ല.

എഐ ക്യാമറ, കെ ഫോണ്‍ പദ്ധതികളുടെയെല്ലാം വെട്ടുമേനി എത്തുന്ന അതേ പെട്ടിയിലേക്കാണ് കെ റെയിലിന്റെ വെട്ടുമേനിയും എത്തേണ്ടത്. എന്നാല്‍ കെ റെയിലിന്റെ മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് യു ഡി എഫ് നടത്തിയ ഉജ്വലമായ സമരമാണ് ഈ പദ്ധതിയെ തടഞ്ഞു നിര്‍ത്തിയത്. കേരളത്തിന്റെ കാവലിന് യു ഡി എഫ് ഉള്ളടത്തോളം കാലം കെ റെയില്‍ പദ്ധതി നടപ്പാക്കാമെന്ന് ആരും ദിവാസ്വപ്‌നം കാണേണ്ട. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍, നിലവിലെ പാതകളുടെയും സിഗ്നലുകളുടെയും  നവീകരണം തുടങ്ങിയ ബദലുകളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. 

യു ഡി എഫ് നേരത്തെ ചൂണ്ടിക്കാട്ടിയ ഞെട്ടിപ്പിക്കുന്ന നിരവധി കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടിലുണ്ട്. അപൂര്‍ണമായ ഡി പി ആറില്‍ വിശദാംശങ്ങളില്ല, പരിസ്ഥിതി തകിടം മറിയും, 1500 ഹെക്ടര്‍ സസ്യസമ്പുഷ്ടമായ പ്രദേശങ്ങള്‍ നഷ്ടപ്പെടും, 3532 ഹെക്ടര്‍ തണ്ണീര്‍ത്തടം ഇല്ലാതാകും, പാതയുടെ കിഴക്കുഭാഗം വെള്ളത്തിലാകും, വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും തുടങ്ങിയ നിരവധി അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴാണ് പദ്ധതി നടപ്പാക്കിയാല്‍ അപ്പം വില്ക്കാം എന്ന ബാലിശമായ വാദവുമായി സി പി എം രംഗത്തുവന്നത്. പരിഷത്ത് പഠനത്തെക്കുറിച്ച് സി പി എമ്മിന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

click me!