Asianet News MalayalamAsianet News Malayalam

സിൽവർ ലൈൻ പദ്ധതിക്ക് പരിഷത്തിന്‍റെ റെഡ് സിഗ്നൽ, വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്; 'വെള്ളപ്പൊക്കം രൂക്ഷമാകും'

4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമാക്കും. ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

kerala sasthra sahithya parishath against silver line k rail asd
Author
First Published May 28, 2023, 9:53 PM IST

തൃശൂർ: ഇടതുപക്ഷ മുന്നണി സർക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. സിൽവർ ലൈൻ പദ്ധതി പുനർവിചിന്തനം ചെയ്യണമെന്നാണ് പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. സിൽവർ ലൈൻ പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്നാണ് പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ പഠന സംഘത്തിന്‍റെ റിപ്പോര്‍ട്ടിൽ പദ്ധതിയുണ്ടാക്കുന്ന ഗുരുതര പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലാണുള്ളത്. 4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമാക്കും. ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

വന്ദേഭാരതിന്‍റെ വരുമാന കണക്കുവച്ച് കെ റെയിലിന് പറയാനുള്ളത്, ഒരേ ഒരു കാര്യം; 'ധൃതിയുണ്ടെന്ന് ജനം!!',

ദുർബല മേഖലകള്‍ക്ക് കുറുകെയാണ് എല്ലാ ജില്ലകളിലൂടെയും സിൽവർ ലൈൻ കടന്നുപോകുന്നത്. 202.96 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് നിർദ്ധിഷ്ട പാത കടന്നുപോവുക. 535 കിലോമീറ്റർ സിൽവർ ലൈൻ പാതയുടെ അമ്പത്തിയഞ്ച് ശതമാനത്തോളം വെള്ളം കയറാതിരിക്കാനുള്ള അതിരുകെട്ടുന്നതിനാല്‍ വര്‍ഷകാലത്ത് പാതയുടെ കിഴക്കുഭാഗം വെള്ളത്തിനടിയിലാവും. പദ്ധതി മൂലം 55 ഹെക്ടർ കണ്ടൽ കാടുകള്‍ നശിക്കും. സർപ്പക്കാവുകളും  ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉൾപ്പെടെ 1500 ഹെക്ടർ സസ്യ സമ്പുഷ്ട പ്രദേശങ്ങള്‍ സിർവർ ലൈൻ മൂലം നഷ്ടപ്പെടുമെന്നും പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.

1131 ഹെക്ടർ നെൽപാടങ്ങൾ അടക്കം 3532 ഹെക്ടർ തണ്ണീർ തടങ്ങൾ പരിവർത്തനം ചെയ്യപ്പെടും. അപൂർണമായ ഡി പി ആർ തന്നെ സിൽവർ ലൈൻ പദ്ധതിയുടെ  ന്യൂനതയാണ്. ഹരിത പദ്ധതി എന്ന അവകാശ വാദം തെറ്റ്. മറ്റൊരു ബദല്‍ സാധ്യത സജീവമായുള്ളതിനാല്‍ പുനര്‍ വിചിന്തനം നടത്തണം. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളത്തിന് മുന്നില്‍ വച്ച റിപ്പോര്‍ട്ടിന്‍റെ പൂര്‍ണരൂപം ഒരാഴ്ചയ്ക്കുള്ളില്‍ പരിഷത്തിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Follow Us:
Download App:
  • android
  • ios