ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ: സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ സ്ത്രീയുടെയും ആവശ്യമെന്ന് കെ സുധാകരന്‍

By Web TeamFirst Published Jun 4, 2023, 10:48 AM IST
Highlights

''ബേട്ടി ബച്ചാവോ ' എന്ന മുദ്രാവാക്യം മുഴക്കിയ സര്‍ക്കാരാണ് ബിജെപിയുടേത്. അത് വെറും വാചകക്കസര്‍ത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കായിക താരങ്ങള്‍ക്കെതിരെ അരങ്ങേറുന്നത്.''

തിരുവനന്തപുരം: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യം മുഴക്കിയ സര്‍ക്കാരാണ് ബിജെപിയുടേത്. അത് വെറും വാചകക്കസര്‍ത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. സമാധാനപരമായി പോരാട്ടം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെയുണ്ടായത് കിരാതമായ പൊലീസ് നടപടിയാണ്. ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ സ്ത്രീയുടെയും ആവശ്യമാണെന്നും സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നെന്ന് സുധാകരന്‍ പറഞ്ഞു. 

കെ സുധാകരന്‍ പറഞ്ഞത്: 'ബേട്ടി ബച്ചാവോ ' എന്ന മുദ്രാവാക്യം മുഴക്കിയ സര്‍ക്കാരാണ് ബിജെപിയുടേത്. അത് വെറും വാചകക്കസര്‍ത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് കായിക താരങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ അരങ്ങേറുന്നത്.
തങ്ങളെ പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തി വരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഢന പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ''

''ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധ സമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപത്തിനും നിയമ വിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു. പോക്‌സോ കേസ് അടക്കം ചുമത്തപ്പെട്ട പീഡകനായ ബിജെപി ഗുണ്ടാ നേതാവിന് എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സമാധാനപരമായ പോരാട്ടം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെയുണ്ടായത് കിരാതമായ പോലീസ് നടപടിയാണ്. ''

''ഈ താരങ്ങളുടെ സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ ഇന്ത്യന്‍ സ്ത്രീയുടെയും ആവശ്യമാണ്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും  ഫലമായി  അന്താരാഷ്ട്ര തലത്തില്‍ നേടിയ മെഡലുകള്‍ അവര്‍ ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യമാണ് നരേന്ദ്രമോദി സൃഷ്ടിച്ചിരിക്കുന്നത്. ആത്മാഭിമാനം സംരക്ഷിക്കുവാനും നീതി ലഭിക്കുന്നതിനുമായി  കായികതാരങ്ങള്‍ നടത്തുന്ന ഈ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.''


 ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര: ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം; നിലപാടറിയിച്ച് കേന്ദ്രമന്ത്രി

 

click me!