
മലപ്പുറം: അണികളും നേതാക്കളും ഇത്രയും ആവേശത്തിൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. അൻവർ ഒരു ഘടകമായി നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നും സുധാകരൻ പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിൽ അൻവറെ എത്തിക്കുന്നത് അവസാന നിമിഷത്തിലാണ് പരാജയപ്പെട്ടത്. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെ അൻവർ അനുകൂലിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ നീക്കം പരാജയപ്പെടുകയായിരുന്നു.
അൻവർ രാഷ്ട്രീയ രംഗത്ത് ഉയർന്നു വരേണ്ട ആളായിരുന്നുവെന്ന കെ സുധാകരൻ പറഞ്ഞു. പക്ഷേ പാർട്ടിയുടെയും മുന്നണിയുടെയും ചട്ടക്കൂടിൽ നിൽക്കണമായിരുന്നു. പിണറായി വിജയനെ പോലും കുടുംബത്തെ സ്നേഹിക്കുന്ന ആളെ കണ്ടിട്ടില്ല. പൊതുജങ്ങളുടെ പണമാണ് മക്കളുടെ അക്കൗണ്ടുകളിൽ കൊണ്ടിടുന്നതെന്നും സുധാകരൻ പറഞ്ഞു. അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസമായ 19 ന് നിലമ്പൂർ നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുഅവധി പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പിന്ന് 48 മണിക്കൂർ മുമ്പ് ഡ്രൈഡേയും പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ഡോ രത്തൻ യു കേൾക്കർ ഐഎഎസ് അറിയിച്ചു.
അതിശക്തമായ മത്സരമായിരിക്കും നിലമ്പൂരിൽ സ്ഥാനാർത്ഥികൾ കാഴ്ച്ചവെക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് 10ന് മാസം മാത്രം അവശേഷിക്കെ നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ഭരണമാറ്റമോ തുടർഭരണമോ എന്നതാണ് ഇതിൽ പ്രധാനം. കോൺഗ്രസിൻ്റെ ആര്യാടൻ ഷൗക്കത്തും, എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജും, പിവി അൻവറും ബിജെപി സ്ഥാനാർത്ഥിയായി മോഹൻ ജോർജും കളത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam