'ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ തയ്യാർ'; രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

By Web TeamFirst Published May 4, 2021, 10:18 PM IST
Highlights

കേന്ദ്ര നേതാക്കളെ സുരേന്ദ്രൻ തന്റെ നിലപാട് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നീക്കം. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചെന്നാണ് സൂചന.
 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവി രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. കേന്ദ്ര നേതാക്കളെ സുരേന്ദ്രൻ തന്റെ നിലപാട് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നീക്കം. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്തം തനിക്കാണെന്ന് സുരേന്ദ്രൻ ഇന്ന് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണെന്നും വോട്ടുകൾ കുറഞ്ഞത് സിപിഎമ്മിനാണെന്നും മാധ്യമങ്ങളോട് സുരേന്ദ്രൻ പറഞ്ഞിരുന്നു. 

ശക്തമായ വർഗ്ഗീയ ധ്രുവീകരണമാണ് തെരഞ്ഞെടുപ്പിൽ നടന്നത്. കൽപ്പറ്റയിലെ മുസ്ലിം വിഭാഗക്കാരായ പാർട്ടിക്കാർ സിദ്ദീഖിന് വോട്ട് ചെയ്തു: 2016 നെ അപേക്ഷിച്ച് ഇക്കുറി എൻഡിഎയ്ക്ക് വോട്ട് കുറഞ്ഞു. ഘടകകക്ഷികൾ ശക്തമായി  ഉണ്ടായിരുന്നില്ല എന്നതും തിരിച്ചടിയായി. 40 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് നഷ്ടപ്പെട്ടു. 

പരാജയത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണ് രണ്ടിടത്ത് മൽസരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്. അതു ഒരോരുത്തരുടെ അഭിപ്രായമാണ്. താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. 


 

click me!