'ജ്വല്ലറി തട്ടിപ്പില്‍ ലീഗ് നേതൃത്വത്തിന്‍റെ പങ്കും അന്വേഷിക്കണം'; കമറുദ്ദീൻ രാജിവക്കണമെന്നും കെ സുരേന്ദ്രന്‍

By Web TeamFirst Published Nov 8, 2020, 4:43 PM IST
Highlights

കേസിലെ ലീഗ് നേതാക്കളുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കമറുദ്ദീൻ ധാർമികത ഏറ്റെടുത്ത് രാജിവക്കണമെന്നും സുരേന്ദ്രന്‍.

പത്തനംതിട്ട: എം സി കമറുദ്ദീൻ എംഎല്‍എ ഉള്‍പ്പെട്ട ജ്വല്ലറി തട്ടിപ്പില്‍ മുസ്ലീം ലീഗിനെതിരെ ബിജെപി. തട്ടിപ്പിൽ ലീഗ് സംസ്ഥാന നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ബിജെപി പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. അത് കൊണ്ടാണ് ലീഗ് നേതൃത്വം എംഎല്‍എയെ സംരക്ഷിക്കുന്നത്. കേസിലെ ലീഗ് നേതാക്കളുടെ പങ്ക് കൂടി അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കമറുദ്ദീൻ ധാർമികത ഏറ്റെടുത്ത് രാജിവക്കണമെന്നും സുരേന്ദ്രന്‍ അവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളെ ദുർബലപ്പെടുത്താൻ സർക്കാർ നിയമസഭയെ ദുരുപയോഗം ചെയ്യുന്നുവെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണന് ഈ വിഷയത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. 

അതിനിടെ, എം സി കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല. നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് നടപടി നിയമപരമായി നിലനിൽക്കാത്തത് ആണ്. വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് സർക്കാർ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കിൽ അതിൽ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം. എന്ത് അന്വേഷണമാണ് നടന്നതെന്ന അതിശയവും കുഞ്ഞാലിക്കുട്ടി പങ്കുവച്ചു.

Also Read: കമറുദ്ദീനെതിരെ നടപടിയില്ല, രാജി വെക്കില്ല; നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

click me!