മലപ്പുറം: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി. കമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല. നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊലീസ് നടപടി നിയമപരമായി നിലനിൽക്കാത്തത് ആണ്. വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് സർക്കാർ നീക്കം. ബിസിനസ് പൊളിഞ്ഞതാണെങ്കിൽ അതിൽ തട്ടിപ്പോ വെട്ടിപ്പോ നടന്നിട്ടുണ്ടോ എന്നെങ്കിലും അന്വേഷിക്കണം. എന്ത് അന്വേഷണമാണ് നടന്നതെന്ന അതിശയവും കുഞ്ഞാലിക്കുട്ടി പങ്കുവച്ചു.

കമറുദ്ദിന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാൽ ആണ്. ഇല്ലാത്ത വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ആരോപണങ്ങൾ ഉണ്ടാകും.  ആർക്കെതിരെയെന്ന് ഇല്ലാത്തത്?. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ആരോപണങ്ങൾ ഇല്ലേ ? അവര്‍ക്കെതിരെ എന്ത് നടപടിയാണ് ഉണ്ടായത്. രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാൻ വേണ്ടി മാത്രം എടുത്ത നടപടി മാത്രമായേ അറസ്റ്റിനെ കാണാൻ കഴിയു എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

നിക്ഷേപ പദ്ധതിയെക്കുറിച്ച് പാർട്ടി അറിഞ്ഞിരുന്നില്ല. ആളുകൾക്ക് കാശ് കൊടുക്കാനുള്ള കാര്യവും ലീഗിന് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സമയത്ത് അറിയില്ലായിരുന്നു. വിദ്യാര്‍ത്ഥി സംഘടനയിലൂടെ വന്ന മികച്ച സംഘാടകനും രാഷ്ട്രീയ നേതാവുമാണ് എംസി കമറുദ്ദീൻ എന്ന കാര്യത്തിൽ സംശയമില്ല. അര ദിവസം ചോദ്യം ചെയ്ത് ഒരു എംഎൽഎ യെ അറസ്റ്റ് ചെയ്ത ജയിലിലടച്ച നടപടി അന്യായം ആണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളത് നിസ്സാരം ആയി കാണില്ല. അത് കൊടുത്ത് തീര്‍ക്കുക തന്നെ വേണം
അക്കാര്യത്തിൽ സംശയമൊന്നും ഇല്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.