
തിരുവനന്തപുരം: എതിരാളികള്‍ക്ക് കൊല്ലാന്‍ കഴിഞ്ഞേക്കും എന്നാല്‍ തന്നെ തോല്‍പ്പിക്കാന്‍ ആവില്ലെന്ന് മന്ത്രി കെ ടി ജലീല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചും മാധ്യമങ്ങളെ വിമര്‍ശിച്ചും മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ല. ഏത് അന്വേഷണ ഏജന്‍സി ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. തെറ്റ് ചെയ്യാത്തതിനാലാണ് കൂസാതെ മുന്നോട്ട് പോകാനാവുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. മാധ്യമങ്ങളെയും കുറിപ്പില്‍ മന്ത്രി വിമര്‍ശിക്കുന്നുണ്ട്. തന്നെ എന്‍ഐഎ വിളിച്ചത് സാക്ഷിക്കുള്ള നോട്ടീസ് നല്‍കിയാണ്. എന്നാല്‍ തൂക്കിലേറ്റും മുമ്പ് വിളിച്ചെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചത്. നോട്ടീസിന്‍റെ പകര്‍പ്പ് വന്നപ്പോള്‍ ദുഷ്പ്രചാരകര്‍ കളം മാറ്റിയെന്നും മന്ത്രി കുറ്റപ്പെടുത്തി.
ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. എന്നെ അപായപ്പെടുത്താൻ കലാപകാരികൾക്ക് എൻ്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തൽസമയം വിവരം നൽകുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.
എൻഐഎ, Cr.P.C 160 പ്രകാരം "Notice to Witness" ആയി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിന് മുമ്പ് "നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ" എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലർ പ്രചരിപ്പിച്ചത്.എന്‍ഐഎ യുടെ നോട്ടീസിൻ്റെ പകർപ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാൻ കഴിയുന്നത് ഒളിച്ചു വെക്കാൻ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് അകെ പത്തൊൻപതര സെൻ്റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെപ്പേടിക്കാൻ? ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എൻ്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല.
സംഘ്പരിവാറിൻ്റെ മുഖപത്രമായ "ജന്മഭുമി"യിൽ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത് എന്നതിന് ഇതിൽപരം തെളിവ് വേറെ വേണോ?
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam