യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനി കേരളത്തിൽ നടത്തിയ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് ഇടപെടുന്നു. ചർച്ചകൾക്ക് തയ്യാറാവാതെയും ധാരണകൾ ലംഘിച്ചും കമ്പനി മുന്നോട്ട് പോകുന്നതിനാൽ കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാർ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
കൊച്ചി: കേരളത്തിലെ കൂട്ട പിരിച്ചുവിടലിൽ യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കമ്പനിയെ ചർച്ചക്കെത്തിക്കാൻ ശ്രമിച്ച് തൊഴിൽ വകുപ്പ്. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ചർച്ചയ്ക്ക് കമ്പനി പ്രതിനിധികളെ എത്തിക്കാനാണ് ശ്രമം. എന്നാല്‍, ചർച്ചയില്‍ പങ്കെടുക്കാൻ സാധ്യമല്ലെന്നുമാണ് നിലപാടിലാണ് കമ്പനി. നിലപാട് ധിക്കാരപരമായ സമീപനമാണെന്ന് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ ധാരണകൾക്ക് വിരുദ്ധമായി ജീവനക്കാരുടെ അക്കൗണ്ടിൽ കോംപൻസേഷൻ തുക നിക്ഷേപിച്ചിരുന്നു. കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാരാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി ഇന്നലെ വീണ്ടും ധാരണകളെല്ലാം തെറ്റിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും തൃക്കാക്കര എംഎൽഎ ഉമ തോമസ് ഉൾപ്പെടെ നടത്തിയ ചർച്ചയില്‍ പിരിച്ചുവിടൽ മരവിപ്പിക്കാനുള്ള തീരുമാനമുണ്ടായെങ്കിലും കമ്പനി ഇന്നലെ ധാരണകള്‍ തെറ്റിച്ചു. തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടുതൽ ചർച്ച നടത്താം എന്നായിരുന്നു ധാരണ. എന്നാൽ ഇന്നലെ രാവിലെ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കോമ്പൻസേഷൻ തുക നിക്ഷേപിച്ചു. പിരിച്ചുവിടൽ മരവിപ്പിച്ചു എന്ന് അറിയിച്ച കമ്പനിയാണ് ധാരണകൾക്ക് വിരുദ്ധമായി പിരിച്ചുവിടൽ തുക നിക്ഷേപിച്ചത്. കമ്പനിയുടേത് ധിക്കാരപരമായ സമീപനമാണെന്നും, നിയമ പരിധിയിലുള്ളിൽ നിന്ന് വിഷയം പരിഹരിക്കാൻ ശ്രമിക്കുമെന്നും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.
അതിനിടെ, തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ആകില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു. ഉത്തരേന്ത്യയിലുള്ള ഉന്നത ഉദ്യോഗസ്ഥർ എത്താൻ സമയം കണക്കാക്കിയാണ് തിങ്കളാഴ്ച നിശ്ചയിച്ചത്. എന്നാൽ അതിൽ കൂടുതൽ സമയം വേണമെന്നാണ് നിലവിലെ ആവശ്യം. പുതിയ ലേബർ കോഡും, കരാറിലെ വ്യവസ്ഥകളുമാണ് പിരിച്ചുവിടൽ ന്യായീകരിക്കാൻ കമ്പനി ഉപയോഗിക്കുന്നത്. എന്നാൽ മുന്നൂറിൽ കൂടുതൽ ജീവനക്കാർ ഉള്ള കമ്പനിയിൽ പിരിച്ചുവിടൽ നടപ്പാക്കുമ്പോൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ല. അതിനിടെ പിരിച്ചുവിടപ്പെട്ട ജീവനക്കാർ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങി.

