
തിരുവനന്തപും: സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ വിമര്‍ശനത്തെ എതിര്‍ത്ത് കടകംപള്ളി സുരേന്ദ്രന്‍. അയ്യപ്പന്‍റെ ദ്വാരപാലക ശില്‍പം ഒരു കോടിശ്വരന് വിറ്റിരിക്കുകയാണ്, ആര്‍ക്കാണന്ന് കടകംപള്ളിയോട് ചോദിച്ചാലറിയാം എന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിയമസഭയില്‍ കടംകപളളി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മാനസിക നില തെറ്റിയത് പോലെയുള്ള പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിന്‍റെതെന്നും ദേവസ്വം മന്ത്രിയുടേയും പ്രസിഡന്‍റിന്‍റെയും ബോഡിന്റെയും എല്ലാ ചുമതലകളിലും വ്യക്തതയുണ്ട്, ദ്വാരപാലക ശിൽപ്പം ആർക്ക് വിറ്റെന്ന് കടകംപള്ളിക്ക് അറിയാം എന്നാണ് പറയുന്നത്, ആണത്തവും തന്‍റേടവും ഉണ്ടെങ്കിൽ ആരോപണം തെളിയിക്കണം എന്ന് കടകംപള്ളി വെല്ലുവിളിച്ചു.
ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമാണ്. ബിജെപിയുമായി ചേർന്നാണ് ആരോപണം ഉന്നയിക്കുന്നത്. യഥാർത്ഥ കുറ്റവാളികളെ പിടിക്കുമെന്നായപ്പോൾ അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നത്. കോൺഗ്രസ് സംഘടന നേതാക്കളുടെ കാര്യങ്ങൾ എല്ലാം പുറത്തു വരുന്നു, ചില കള്ളൻമാർ ഇപ്പോൾ പിടിക്കപ്പെട്ടിട്ടുണ്ട് എന്ന് കടകംപള്ളി ആരോപിച്ചു. കൂടാതെ ആണത്തം എന്ന വാക്ക് അൺപാർലമെന്ററി ആയതിനാൽ പിൻവലിക്കണം എന്നും വൈകാരികമായി പറഞ്ഞു പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.