'ഞങ്ങൾക്ക് കേന്ദ്രത്തിന്‍റെ ചാരിറ്റി ആവശ്യമില്ല', കേരളത്തോട് ചിറ്റമ്മ നയമെന്ന് ഹൈക്കോടതി; ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്രം

Published : Oct 08, 2025, 12:59 PM IST
wayanad landslide high court

Synopsis

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ കേന്ദ്രത്തിന്റെ മെല്ലെപ്പോക്ക് അനുവദിക്കില്ലെന്ന് കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാൽ പരാമർശിച്ച് കേരള ഹൈക്കോടതി. വായ്പാ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചു. വായ്പ എഴുതിത്തള്ളുന്ന വിഷയത്തിൽ തീരുമാനമെടുക്കേണ്ട മന്ത്രാലയത്തെക്കുറിച്ച് അവ്യക്തതയുണ്ട് എന്നായിരുന്നു കഴിഞ്ഞ തവണ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ എ ആർ എൽ സുന്ദരേശൻ അറിയിച്ചത്.

എന്നാൽ, ഇന്നത്തെ ഹിയറിംഗിൽ, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നതിൽ മന്ത്രാലയത്തിന് പരിമിതിയുണ്ടെന്നും കേന്ദ്ര സർക്കാർ അഭിഭാഷകർ ബോധിപ്പിച്ചു. ഇതുകേട്ടപ്പോൾ കോടതിയുടെ പ്രതികരണം അതിരൂക്ഷമായിരുന്നു:

"ആർബിഐ സർക്കുലർ കാരണം കേന്ദ്ര സർക്കാരിന് പരിമിതിയുണ്ടെന്നോ? ആർബിഐ.യുമായി താരതമ്യം ചെയ്യുമ്പോൾ കേന്ദ്രത്തിന്‍റെ പദവി എന്താണ്? ഇത്തരത്തിലുള്ള ഒരു സത്യവാങ്മൂലം മുൻപും ഫയൽ ചെയ്തിട്ടുണ്ട്. പ്രവർത്തിക്കാൻ കേന്ദ്രസർക്കാരിന് താൽപര്യമുണ്ടോ എന്നതാണ് ഇവിടെ ചോദ്യം. നിങ്ങൾക്ക് ഈ വിഷയത്തിൽ അധികാരമില്ലാത്തവരല്ല. ഒളിച്ചുവെക്കേണ്ട. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്ര സർക്കാർ ജനങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. മതി, മതി. ഞങ്ങൾക്ക് ഇനി കേന്ദ്രത്തിന്‍റെ ദാനധർമ്മം ആവശ്യമില്ല."

വായ്പാ തിരിച്ചടവിന് ഇടക്കാല സ്റ്റേ

സംസ്ഥാനത്തിന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കുകൾ വായ്പ എഴുതിത്തള്ളിയിട്ടുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിന് സാധിക്കുമോ എന്നും കോടതി ചോദിച്ചിരുന്നു. "സെൻട്രൽ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ... കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ ലിസ്റ്റ് ഞങ്ങൾക്ക് നൽകുക. ആ ബാങ്കുകളെയും ഞങ്ങൾ ഈ കേസിൽ കക്ഷികളാക്കും. ലിസ്റ്റ് നൽകുക, അവർക്ക് നോട്ടീസ് നൽകാം," കോടതി നിരീക്ഷിച്ചു.

തിരിച്ചടവ് നടപടികൾ തൽക്കാലത്തേക്ക് സ്റ്റേ ചെയ്യുമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. "ഇതാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെങ്കിൽ, കാര്യങ്ങൾ കടുപ്പമാകും. ഈ സാവധാനത്തിലുള്ള സമീപനം അനുവദിക്കില്ല. ദയവായി നിങ്ങളുടെ സർക്കാരിനെ ഇക്കാര്യം അറിയിക്കുക," ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു. 2024 ജൂലൈ 30ന് വയനാട്ടിലുണ്ടായ വൻ ഉരുൾപൊട്ടലിനെത്തുടർന്ന് സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. അന്നുമുതൽ സംസ്ഥാനം ഏറ്റെടുത്ത പുനരധിവാസ പ്രവർത്തനങ്ങളും കേന്ദ്രം നൽകുന്ന പിന്തുണയും കോടതി സജീവമായി നിരീക്ഷിക്കുന്നുണ്ട്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'